1 Oct 2023 12:30 PM GMT
സെപ്തംബറിൽ പതിവിനു വിപരീതമയി തെക്കു-പടിഞ്ഞാറൻ കാലവർഷം തകർത്തു പെയ്തതുകൊണ്ടു, രാജ്യം വരൾച്ചയിലേക്കു വീഴുമോ എന്ന പേടി അലിഞ്ഞു പോയി.
കാലവർഷം രാജ്യത്തു അവസാനിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സെപ്തംബർ 30 ലെ കണക്കനുസരിച്ചു, ജൂൺ മുതൽ സെപ്തംബർ വരെ നാല് മാസം നീണ്ടു നിൽക്കുന്ന തെക്കു - പടിഞ്ഞാറൻ മൺസൂൺ കാലത്തു,രാജ്യം പ്രതീക്ഷിച്ചതിന്റെ 94 ശതമാനം മഴ ലഭിച്ചു. പ്രതീക്ഷിച്ചതു 96 ശതമാനാണ്. എങ്കിലും ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ തെക്കേ-പടിഞ്ഞാറൻ മഴ പ്രവചിക്കാനുള്ള മോഡലിലെ എറർ മാർജിൻ കൂടി കണക്കിലെടുത്താൽ പ്രവചിച്ച മഴ തന്നെ ലഭിച്ചു എന്നാണ് ഔദ്യോഗിക വിലയിരുത്തൽ. ദീർഘകാല ശരാശരി 104 ശതമാനം മുതൽ 96 ശതമാനം വരെ വന്നാൽ, സാധാരണ അളവിൽ മഴലഭിച്ചു എന്നാണ് കണക്കാക്കുന്നത്..
രാജ്യത്തു കാലവർഷം സാധാരണ നിലയിൽ ആയിരുന്നെങ്കിലും, പല ഭാഗത്തും പല അളവിൽ ആണ് മഴ ലഭിച്ചിതു. അതുപോലെ തന്നെ മഴയുടെ ഏറ്റക്കുറവുകൾ ഉണ്ടായിരുന്ന മാസങ്ങളും വ്യത്യസ്തമാണ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ചു വടക്കു - പടിഞ്ഞാറൻ ഇന്ത്യയിൽ പ്രതീക്ഷിച്ച 58 .7 സെന്റി മീറ്റർ മഴ ലഭിച്ചപ്പോൾ, രാജ്യത്തിന്റെ വടക്കു-കിഴക്കൻ, കിഴക്കൻ ഭാഗങ്ങളിൽ 18 ശതമാനം കമ്മിയാണ്.തെക്കേ ഇന്ത്യയിലും 8 ശതമാനം കുറച്ചാണ് മഴ ലഭിച്ചത്. എന്നാൽ സെൻട്രൽ ഇന്ത്യയിലാകട്ടെ പ്രതീക്ഷിച്ചതിനു അടുത്തു മഴ ലഭിച്ചു. മൊത്തത്തിൽ രാജ്യത്തിന്റെ൯ 9 ശതമാനം ഭാഗത്തു കൂടുതൽ മഴ ലഭിച്ചപ്പോൾ, 18 ശതമാനം ഭാഗത്തു മഴ കുറഞ്ഞു. ബാക്കിയുള്ള ഭാഗത്തു കാലവർഷം സാധാരണ നിലയിലായിരുന്നു.
ഓരോ മാസത്തെ മഴ കണക്കുകളിലും വലിയ ചാഞ്ചാട്ടമുണ്ട്. ജൂണിൽ സാധാരണ നിലയിൽ നിന്നും 9 ശതമാനം മഴ കുറഞ്ഞപ്പോൾ, ജൂലൈയിൽ 13 ശതമാനം അധികം മഴ ലഭിച്ചു. ഓഗസ്റ്റിൽ ഇത് പിന്നയും 36 ശതമാനം കുറഞ്ഞു, അതേസമയം സെപ്റ്റംബറിൽ സാധാരണയിൽ നിന്ന് 13 ശതമാനം കൂടുതൽ മഴ ലഭിച്ചു.
തുലാവർഷം
ഒക്ടോബറിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന വടക്കു -കിഴക്കൻ മൺസൂൺ (തുലാവർഷം) സീസണിൽ രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ, തെക്കു ഭാഗങ്ങളിൽ സാധാരണയോ അതിനു മുകളിലോ മഴലഭിക്കുമെന്നാണ് പ്രവചനം.
കേരളത്തിൽ 34 % കുറവ്
തെക്കു-പടിഞ്ഞാറൻ മൺസൂൺ കാലത്തു കേരളത്തിൽ ഈ പ്രാവശ്യം ലഭിച്ച മഴയുടെ അളവ് സാധാരണയിൽ ലഭിക്കെണ്ടത്തിനെക്കാൾ 34 ശതമാനം കുറവായയിരുന്നു. സെപ്റ്റംബറിൽ നല്ല മഴ കിട്ടിയില്ലായിരുന്നെങ്കിൽ മഴ കമ്മി ഇതിലും കൂടിയേനേം. ഈ സീസണിൽ കേരളത്തിന് ലഭിച്ചത് 1326 .1 മില്ലി മീറ്റർ മഴയാണ്. കേരളത്തിന്റെ ഈ സീസണിലെ ദീർഘകാല ശരാശരി 2018 .6 മില്ലി മീറ്റർ ആണ്. കേരളത്തിൽ തുലാവർഷം സാധാരണ നിലയിലോ അതിനു മുകളിലോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
.