29 March 2025 12:48 PM IST
ഈട് നൽകിയ ആധാരം ബാങ്ക് നഷ്ടപ്പെടുത്തി; 8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി
MyFin Desk
വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയ ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ച്ചെലവും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ഹൗസിംഗ് ലോൺ അടച്ച ശേഷം ആധാരം തിരികെ നൽകാതിരുന്ന ഫെഡറൽ ബാങ്ക് അങ്കമാലി ബ്രാഞ്ചിന്റെ നടപടി “സേവനത്തിലെ പിഴവ്” ആണെന്ന് പരാതിപ്പെട്ട് മലയാറ്റൂർ സ്വദേശി ജോളി മാത്യു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ബാങ്കിൽ നിന്നുള്ള ഹൗസിംഗ് ലോൺ പലിശ ഒഴിവാക്കി ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2021 ഡിസംബറിൽ അടച്ച് തീർക്കുകയായിരുന്നു. എന്നാൽ, ലോണിന് ഈടായി നൽകിയ ഭൂമിയുടെ ഒറിജിനൽ ആധാരം തിരികെ നൽകാൻ ബാങ്കിന് കഴിഞ്ഞില്ല. പരാതിക്കാരനെതിരെ ബാങ്ക്, പറവൂർ സബ് കോടതിയിൽ സമർപ്പിച്ച ആധാരം, കാലഹരണപെട്ട കോടതി രേഖകൾ നശിപ്പിക്കപ്പെട്ടതിനൊപ്പം നശിപ്പിച്ചിരുന്നു. ബാങ്കിന്റെ അനാസ്ഥ മൂലം ഉപഭോക്താവ് നേരിട്ട സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഉപഭോക്താവ് സമർപ്പിക്കുന്ന രേഖകളുടെ സംരക്ഷണ ഉത്തരവാദിത്വം ബാങ്കിനാണ്. കേസ് നടപടികൾക്ക് ശേഷം രേഖ തിരിച്ചു നൽകേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്വം ആയിരുന്നു. സർട്ടിഫൈഡ് കോപ്പി മാത്രമല്ല, ഒറിജിനൽ ആധാരവും നഷ്ടപ്പെടുന്നത് വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും സ്വത്തു ഇടപാടുകൾ തടസ്സപ്പെടുന്നതിനും കാരണമാകുന്നതാണ് എന്നും കമ്മിഷൻ വിലയിരുത്തി. ഇത് പരിഗണിച്ച് 8 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിചെലവിനായി 10,000/- രൂപയും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.