9 Sept 2023 12:04 PM
Summary
- രാജ്യങ്ങള്‍ സമവായത്തിലെത്തിയതായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി
- അസാധ്യമായത് സാധ്യമാക്കിയവര്‍ക്ക് മോദി നന്ദി അറിയിച്ചു
അവസാനം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജി20 ഉച്ചകോടിയില്‍ സമവായം. ന്യൂഡെല്‍ഹി പ്രഖ്യാപനം അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിന് ഇത് വന്‍ വിജയമായി. അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായത്തിലെത്തിയ ശേഷമാണ് പ്രഖ്യാപനം ശനിയാഴ്ച അംഗീകരിച്ചത്.
''ഞങ്ങളുടെ ടീമുകളുടെ കഠിനാധ്വാനവും നിങ്ങളുടെ സഹകരണവും കാരണം ന്യൂഡെല്‍ഹി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തില്‍ ഒരു സമവായത്തിലെത്തിയെന്ന സന്തോഷവാര്‍ത്ത ലഭിച്ചു,'' ഭാരത് മണ്ഡപത്തില്‍ ഉച്ചകോടിയുടെ രണ്ടാം സെഷനില്‍ സംസാരിക്കവെ മോദി പറഞ്ഞു.
''ഈ ജി20 പ്രഖ്യാപനം അംഗീകരിക്കണമെന്നത് എന്റെ നിര്‍ദ്ദേശമാണ്,'' പ്രധാനമന്ത്രി പറഞ്ഞു. അംഗീകാരത്തിന് ശേഷം ഇത് അംഗീകരിച്ചതായി മോദി അറിയിച്ചു. ''ഈ അവസരത്തില്‍, തങ്ങളുടെ കഠിനാധ്വാനത്താല്‍ ഇത് സാധ്യമാക്കിയ നമ്മുടെ മന്ത്രിമാര്‍ക്കും ഷെര്‍പ്പമാര്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.
ഉക്രൈന്‍ യുദ്ധത്തിന്റെ ഫലമായി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിച്ചതിനാല്‍ ഒരു അഭിപ്രായ സമന്വയം കൈവരിക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു. സെപ്റ്റംബര്‍ മൂന്നു മുതല്‍ ആറ് വരെ ഹരിയാനയില്‍ നടന്ന ജി20 ഷെര്‍പ്പ മീറ്റിംഗില്‍, ഉക്രൈന്‍ പ്രശ്‌നം വിവരിക്കുന്നതിനുള്ള വാചകത്തില്‍ സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. സമവായം ഇല്ലായിരുന്നുവെങ്കില്‍, സംയുക്ത പ്രഖ്യാപനമില്ലാതെ ഉച്ചകോടി അവസാനിക്കുമായിരുന്നു. അത്തരമൊരു പ്രശ്‌നം ഒഴിവാക്കാന്‍, ഉക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഒരു പുതിയ ഖണ്ഡിക ഇന്ത്യ പുറത്തിറക്കി. അത് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു.