image

15 Feb 2024 3:18 PM IST

News

ഇലക്ടറല്‍ ബോണ്ട്: കോണ്‍ഗ്രസിന് ലഭിച്ചത് 171 കോടി, ബിജെപിക്ക് ലഭിച്ചത് എത്ര ?

MyFin Desk

ഇലക്ടറല്‍ ബോണ്ട്: കോണ്‍ഗ്രസിന് ലഭിച്ചത് 171 കോടി, ബിജെപിക്ക് ലഭിച്ചത് എത്ര ?
X

Summary

  • 2022-23-ല്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് 34 കോടി രൂപ ലഭിച്ചു
  • 2021-22-ല്‍ കോണ്‍ഗ്രസിന് 236 കോടി രൂപ ലഭിച്ചിരുന്നു
  • രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ വെറും മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണു സുപ്രീം കോടതിയുടെ സുപ്രധാന വിധി


ഇലക്ടറല്‍ ബോണ്ട് (കടപ്പത്ര പദ്ധതി) അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി വിധിക്കു വന്‍ പ്രാധാന്യമാണു കൈവന്നിരിക്കുന്നത്.

പ്രത്യേകിച്ച് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ വെറും മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണു സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇലക്ടറല്‍ ബോണ്ടുകളിലൂടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് ഏകദേശം 1300 കോടി രൂപയാണു ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ ബിജെപി ഹാജരാക്കിയ കണക്കിലാണ് ഇക്കാര്യം വിശദമാക്കിയത്.

2022-23-ല്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചത് 171 കോടി രൂപയാണ്. എന്നാല്‍ 2021-22-ല്‍ കോണ്‍ഗ്രസിന് 236 കോടി രൂപ ലഭിച്ചിരുന്നു.

2021-22-ല്‍ സമാജ് വാദി പാര്‍ട്ടിക്ക് 3.2 കോടി രൂപ ലഭിച്ചു. എന്നാല്‍ 2022-23-ല്‍ ഒന്നും ലഭിച്ചില്ല.

2022-23-ല്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് 34 കോടി രൂപ ലഭിച്ചു.

എസ്ബിഐ പുറപ്പെടുവിക്കുന്നതാണു ഇലക്ടറല്‍ ബോണ്ടുകള്‍. 2018 ജനുവരി 2 മുതല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. 2017-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ഇലക്ടറല്‍ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചത്.

ഈ ബോണ്ട് വാങ്ങുന്നവരുടെ വിവരങ്ങളൊന്നും പുറത്തുവിടാറില്ല. അത് ബാങ്കും, രാഷ്ട്രീയ പാര്‍ട്ടികളും സ്വകാര്യമായി സൂക്ഷിക്കും.

ഇതിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നത്.

1000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ തുടങ്ങിയ തുകകളിലായിരുന്നു ബോണ്ടുകള്‍ വിറ്റഴിച്ചിരുന്നത്.

സംഭാവനയായതിനാല്‍ ഇവയ്ക്ക് 100 ശതമാനം നികുതിയിളവും നല്‍കിയിരുന്നു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലോ, നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ, രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാന്‍ സാധിക്കുന്നത്.