9 Nov 2023 6:21 AM
Summary
- സഞ്ചാരികളുടെ എണ്ണം 6 ശതമാനം വർധിച്ചു
- കമ്പനിയുടെ മൊത്ത വരുമാനം 17 ശതമാനം ഉയർന്നു
- ഓരോ ഉപയോക്താവിന്റെ ശരാശരി വരുമാനം 6% വർധിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ഓപ്പറേറ്ററായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ്, നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വരുമാനത്തിലും സഞ്ചാരികളുടെ എണ്ണത്തിലും ശക്തമായ വളർച്ച രേഖപ്പെടുത്തി. കോവിഡ് ശേഷമുള്ള മികച്ച പാദഫലമാണ് ഇത്. കമ്പനിയുടെ അറ്റാദായവും 28 ശതമാനം ഉയർന്ന് 13.52 കോടി രൂപയിലെത്തി. മുൻ വർഷമിത് 10.53 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിൽ സഞ്ചാരികളുടെ എണ്ണം 6 ശതമാനം വർധിച്ച് 4.96 ലക്ഷമായി. മുൻ വർഷം ഇതേ കാലയളവിലെ 4.70 ലക്ഷമായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം 17 ശതമാനം വർധിച്ച് 81.41 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 69.73 കോടി രൂപയായിരുന്നു.
സെപ്റ്റംബർ പാദത്തിൽ വണ്ടർലയുടെ ബാംഗ്ലൂർ പാർക്കിൽ 2.07 ലക്ഷം സന്ദർശകരുടെ വരവാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ഉയർന്നതാണിത്. കൊച്ചി പാർക്കിലും സന്ദർശകരുടെ എണ്ണം 18 ശതമാനം വർധിച്ച് 1.84 ലക്ഷമായി. ഹൈദരാബാദ് പാർക്കിൽ 1.05 ലക്ഷം സന്ദർശകരുടെ എണ്ണവും കമ്പനി രേഖപ്പെടുത്തി. ഓരോ ഉപയോക്താവിന്റെ ശരാശരി വരുമാനം (എആർപിയു) 6 ശതമാനം വർധിച്ച് 1440 രൂപയായി.
വണ്ടർലാ ഹോളിഡേയ്‌സിന് നിലവിൽ കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്ന് അമ്യൂസ്‌മെന്റ് പാർക്കുകളാണുള്ളത്.ചെന്നൈയിലും ഭുവനേശ്വറിലും പുതിയ പാർക്ക് നിർമിച്ചു വരികയാണ് കമ്പനി.
കമ്പനിയുടെ ഓഹരി വില 900 രൂപയ്ക്കു ചുറ്റളവിലാണ്. അമ്പത്തിരണ്ട് ആഴ്ചയിലെ കൂടിയ വില 956.50 രൂപയും കുറഞ്ഞ വില 317 രൂപയുമാണ്.