15 Feb 2023 7:31 AM
ഡിസംബര്‍ പാദത്തില്‍ വോഡാഫോണ്‍ ഐഡിയയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം 7,990 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 7,234.1 കോടി രൂപയായിരുന്നു. പ്രവര്‍ത്തങ്ങളില്‍ നിന്നുള്ള വരുമാനം 9 .29 ശതമാനം വര്‍ധിച്ച് 9,717.3 കോടി രൂപയില്‍ നിന്നും 10,620.6 കോടി രൂപയായി.
4ജി വരിക്കരുടെ എണ്ണം വര്‍ധിച്ചതും, വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതുമെല്ലാം വരുമാന വളര്‍ച്ചയ്ക്ക് സഹായകമായെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സ്പെക്ട്രം ലേലത്തിന്റെ തവണകളും എജിആര്‍ കുടിശ്ശികയും മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട 16,133 കോടി രൂപയുടെ പലിശ ഈ പാദത്തില്‍ സര്‍ക്കാര്‍ ഇക്വിറ്റിയാക്കി മാറ്റി. നിലവില്‍ സര്‍ക്കാരിന്റെ കൈവശം കമ്പനിയുടെ ഏകദേശം 33 ശതമാനം ഓഹരികളാണ് ഉള്ളത്.
ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം ഉയര്‍ന്ന് 135 രൂപയായി. കഴിഞ്ഞ വര്‍ഷം 115 രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരിക്കാരുടെ എണ്ണം തൊട്ടു മുന്‍പുള്ള സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 23.44 കോടി യില്‍ നിന്നും 22.86 കോടിയായി കുറഞ്ഞു.
4 ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ച ഉണ്ടായെന്നും ഈ പാദത്തില്‍ 10 ലക്ഷം 4 ജി വരിക്കാരെ ലഭിച്ചുവെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ 12.16 കോടി 4 ജി വരിക്കാരാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ മൂലധന ചെലവ് ഡിസംബര്‍ പാദത്തില്‍ 750 കോടി രൂപയായി.
മൊത്ത ബാധ്യത 2.22 ലക്ഷം കോടി രൂപയായി. ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബാധ്യത 13,190 കോടി രൂപയായി.