image

31 May 2023 3:26 AM GMT

Company Results

വി-ഗാര്‍ഡിന്‍റെ അറ്റാദായത്തില്‍ 41.14% ഇടിവ്

Sandeep P S

V-Guard net profit declines 41.14% to Rs 52.7 cr in March quarter
X

Summary

  • പ്രവർത്തന വരുമാനത്തില്‍ 7.64% ഉയർച്ച
  • ദക്ഷിണേന്ത്യയില്‍ ഇടിവ്, പുറത്ത് വളര്‍ച്ച
  • 1.3 രൂപയുടെ അന്തിമ ലാഭവിഹിതത്തിന് ശുപാര്‍ശ


ഇലക്ട്രിക്കൽ ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഏകീകൃത അറ്റാദായം ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 41.14 ശതമാനം ഇടിഞ്ഞ് 52.72 കോടി രൂപയായി. മുന്‍ സാമ്പത്തിക വർഷം ജനുവരി-മാർച്ച് കാലയളവിൽ 89.57 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നതെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, അവലോകന കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 7.64 ശതമാനം ഉയർന്ന് 1,140.14 കോടി രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 1,059.16 കോടി രൂപയായിരുന്നു. പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്‍റെ ഫലമായി നികുതി കണക്കാക്കിയതില്‍ വന്ന മാറ്റമാണ് അറ്റാദായത്തില്‍ പ്രതിഫലിക്കുന്നതെന്ന് വി-ഗാർഡ് അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു. കേരളം ആസ്ഥാനമായുള്ള കമ്പനിയുടെ മൊത്തം വരുമാനം 7.62 ശതമാനം ഉയർന്ന് 1,142.77 കോടി രൂപയായി.

വി-ഗാർഡിന്റെ മൊത്തം ചെലവ് നാലാം പാദത്തിൽ 11.31 ശതമാനം വർധിച്ച് 1,070.70 കോടി രൂപയായി. ദക്ഷിണേന്ത്യന്‍ വിപണികളിൽ 2021 -22 നാലാംപാദത്തെ അപേക്ഷിച്ച് 3.3 ശതമാനം ഇടിവ് രേഖപ്പെടുത്തി, അതേസമയം ദക്ഷിണേതര വിപണികൾ 9.7 ശതമാനം വളർച്ച കൈവരിച്ചുവെന്നും കമ്പനി വ്യക്തമാക്കി. മൊത്തം വരുമാനത്തിന്‍റെ 45.7 ശതമാനം ദക്ഷിണേതര വിപണികൾ സംഭാവന ചെയ്തു. മുന്‍ വര്‍ഷം നാലാംപാദത്തിലിത് 42.6 ശതമാനം മാത്രമായിരുന്നു.

2022 -23 സാമ്പത്തിക വർഷത്തിൽ മൊത്തമായി, വി-ഗാർഡിന്റെ അറ്റാദായം 17.24 ശതമാനം ഇടിഞ്ഞ് 189.04 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 228.43 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 2022 -23ൽ 17.88 ശതമാനം ഉയർന്ന് 4,126.04 കോടി രൂപയായി.

"ഞങ്ങളുടെ സെഗ്‌മെന്റുകൾക്കുള്ളിൽ, ഇലക്ട്രോണിക്‌സ് ആൻഡ് കൺസ്യൂമർ ഡ്യൂറബിൾസ് ശക്തമായ ടോപ്പ്‌ലൈൻ വളർച്ച രേഖപ്പെടുത്തി. പ്രധാന ഡ്യൂറബിൾ വിഭാഗങ്ങളിലെ വളര്‍ച്ച കൈവരിക്കുന്നതിന് സുസ്ഥിരമായ പുരോഗതി ഞങ്ങള്‍ നേടുന്നുണ്ട്," വി-ഗാർഡ് ഇൻഡസ്ട്രീസ് എംഡി മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തേക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 1.3 രൂപയുടെ അന്തിമ ലാഭവിഹിതവും ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ ചൊവ്വാഴ്ച ബിഎസ്ഇയിൽ 0.24 ശതമാനം ഉയർന്ന് 249.75 രൂപയിലെത്തി.