19 May 2024 4:19 AM GMT
Summary
- അറ്റ പലിശ വരുമാനം 26.4 ശതമാനം വർധിച്ച് 933 കോടി രൂപയായി
- എൻപിഎ 0.17 ശതമാനത്തിൽ നിന്ന് 0.28 ശതമാനമായി ഉയർന്നു
- മാർച്ചിൽ ബാങ്കിന്റെ നിക്ഷേപങ്ങൾ 31,462 കോടി രൂപയായി ഉയർന്നു
2023-24 സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി). മാർച്ച് പാദത്തിലെ ബാങ്കിന്റെ അറ്റാദായം 6.5 ശതമാനം ഉയർന്ന് 329.6 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 309.5 കോടി രൂപയായിരുന്നു അറ്റാദായം.
നാലാം പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 26.4 ശതമാനം വർധിച്ച് 933 കോടി രൂപയായി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 738 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് 1.50 രൂപയുടെ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) ഡിസംബർ പാദത്തിലെ 2.18 ശതമാനത്തിൽ നിന്ന് മാർച്ച് പാദത്തിൽ 2.23 ശതമാനമായി ഉയർന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (എൻപിഎ) 0.17 ശതമാനത്തിൽ നിന്ന് 0.28 ശതമാനമായും ഉയർന്നു.
നാലാം പാദത്തിലെ ബാങ്കിന്റെ വിതരണം 11 ശതമാനം വർദ്ധനവോടെ 6,681 കോടി രൂപയായി. വാർഷിക വിതരണം 17 ശതമാനം വർധിച്ച് 23,389 കോടി രൂപയിലെത്തി. ഇതേ കാലയളവിലെ ബാങ്കിന്റെ മൊത്ത വായ്പാ 29,780 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാളും 24 ശതമാനവും കഴിഞ്ഞ പാദത്തെക്കാൾ 7 ശതമാനവും വർധനവ് രേഖപ്പെടുത്തി.
മാർച്ചിൽ ബാങ്കിന്റെ നിക്ഷേപങ്ങൾ 31,462 കോടി രൂപയായി ഉയർന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 23 ശതമാനവും പാദത്തിൽ 6 ശതമാനവും വർദ്ധനവ് റിപ്പോർട്ട് ചെയ്തു. കറൻ്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപം 8,335 കോടി രൂപയായി വളർന്നു. മുൻ വർഷത്തേക്കാൾ 24 ശതമാനവും കഴിഞ്ഞ പാദത്തെക്കാൾ 10 ശതമാനവും ഉയർന്നു.
ശനിയാഴ്ച്ച ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ ബിഎസ്ഇയിൽ 1.82 രൂപ അഥവാ 3.54 ശതമാനം ഉയർന്ന് 53.28 രൂപയിൽ ക്ലോസ് ചെയ്തു.