22 Jan 2024 12:09 PM GMT
Summary
- അറ്റാദായം ഒരു ശതമാനം വർധിച്ച് 284.23 കോടി രൂപയിലെത്തി
- മൊത്തം പലിശ വരുമാനം 1,229.15 കോടി രൂപ
- വരുമാനം 18 ശതമാനം വർധിച്ചു
നടപ്പ് വർഷത്തെ മൂന്നാം പാദഫലം പുറത്തു വിട്ട് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് (ടിഎംബി). ഡിസംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം ഒരു ശതമാനം വർധിച്ച് 284.23 കോടി രൂപയായി രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ അറ്റാദായം 279.70 കോടി രൂപയായിരുന്നു.
2023 ഡിസംബറിൽ അവസാനിച്ച പാദത്തിലെ ബാങ്കിന്റെ മൊത്തം പലിശ വരുമാനം 1,229.15 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 1,012.12 കോടി രൂപ രൂപയായിരുന്നു. ഇതേ പാദത്തിൽ ബാങ്കിന്റെ പ്രൊവിഷനുകൾ 2.37 കോടി രൂപയായി കുറഞ്ഞു. മുൻ വർഷമിത് 32.92 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത വരുമാനം 18 ശതമാനം വർധിച്ച് 1,387 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,173 കോടി രൂപയായിരുന്നു.
ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 649.13 കോടി രൂപയിലെത്തി. മുൻ വർഷമിത് 591.08 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്തി 375.34 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ സമാന പാദത്തിൽ 259.10 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസത്തിനിടെ 4.70 ലക്ഷം രൂപയുടെ അഞ്ച് വായ്പ ഇതര തട്ടിപ്പ് കേസുകൾ ബാങ്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാങ്ക് 3.03 ലക്ഷം രൂപ വീണ്ടെടുത്തു, ബാക്കി വരുന്ന 1.67 ലക്ഷം രൂപയ്ക്കുള്ള100 ശതമാനം തുക നീക്കിവച്ചിട്ടുണ്ടെന്നും ടിഎംബി അറിയിച്ചു.
മൂന്നാം പാദത്തിലെ ബാങ്കിന്റെ മൊത്തം ബിസിനസ്സ് ഒൻപത് ശതമാനം ഉയർന്ന് 85,185 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ 78,242 കോടി രൂപയായിരുന്നു. 2023 ഡിസംബർ വരെ ബാങ്കിന്റെ നിക്ഷേപവും 46,799 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിൽ 43,440 കോടി രൂപയായിരുന്നു നിക്ഷേപം.
ബാങ്കിന്റെ കറന്റ് അക്കൗണ്ടും സേവിംഗ്‌സ് അക്കൗണ്ടും (കാസ) 2023 ഡിസംബറിലെ കണക്കനുസരിച്ച് മുൻ വർഷത്തെ 12,851 കോടി രൂപയിൽ നിന്ന് 1,014 കോടി രൂപ വർദ്ധിച്ച് 13,865 കോടി രൂപയായി. ബാങ്കിന്റെ അറ്റ ആസ്തി കഴിഞ്ഞ വർഷത്തെ 6,741 കോടി രൂപയിൽ നിന്ന് 7,668 കോടി രൂപയായി ഉയർന്നു.