6 Jan 2024 6:37 AM GMT
Summary
- ഐ കെയര്‍ ഡിവിഷനില്‍ നിന്നുള്ള വരുമാനം 3 ശതമാനം കുറഞ്ഞു
- കമ്പനി 90 സ്റ്റോറുകള്‍ കൂടി ആരംഭിച്ചു
- തനിഷ്‌ക് അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ജ്വല്ലറി, വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍, ഡിസംബര്‍ പാദത്തില്‍ 22 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍, കമ്പനി 90 സ്റ്റോറുകള്‍ കൂടി ആരംഭിച്ച്, ഗ്രൂപ്പിന്റെ റീട്ടെയില്‍ സാന്നിധ്യം 2,949 സ്റ്റോറുകളായി ഉയര്‍ത്തി.
വരുമാനത്തിന്റെ നാലില്‍ മൂന്ന് ഭാഗവും സംഭാവന ചെയ്യുന്ന ടൈറ്റന്റെ ജ്വല്ലറി വിഭാഗം ആഭ്യന്തര വിപണിയില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇരട്ട അക്ക വളര്‍ച്ചയും ശരാശരി വില്‍പ്പന വിലയിലെ മിതമായ പുരോഗതിയുമാണ് ഇതിലേക്ക് നയിച്ചത്.
കൂടാതെ, ഉയര്‍ന്ന വിലയും ചാഞ്ചാട്ടവും ഉണ്ടായിരുന്നിട്ടും സ്വര്‍ണ്ണത്തോടുള്ള ഉയര്‍ന്ന ഉപഭോക്തൃ താല്‍പ്പര്യം മൂലം ഈ പാദത്തില്‍ സ്വര്‍ണ്ണത്തിന്റെയും നാണയങ്ങളുടെയും വളര്‍ച്ച, വില്‍പ്പന വളര്‍ച്ചയെ കവിഞ്ഞു.
വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തുന്നതിനായി എക്സ്ചേഞ്ച് പ്രോഗ്രാമുകളിലും ഉപഭോക്തൃ ഓഫറുകളിലും അനുയോജ്യമായ നിക്ഷേപങ്ങള്‍ ഉത്സവ കാലയളവില്‍ നടത്തി. വിവാഹ സെഗ്മെന്റ് സംഭാവന വാര്‍ഷികാടിസ്ഥാനത്തില്‍ നേരിയ തോതില്‍ മെച്ചപ്പെട്ടു.
കൂടാതെ, ഗ്രൂപ്പിന്റെ മുന്‍നിര ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് അന്താരാഷ്ട്ര സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. യുഎസിലെ ഹൂസ്റ്റണിലും ഡാളസിലും മൂന്ന് സ്റ്റോറുകളും സിംഗപ്പൂരില്‍ ഒരു സ്റ്റോറും ആരംഭിച്ചു.
വാച്ചസ് & വെയറബിള്‍സ് ഡിവിഷന്റെ ആഭ്യന്തര ബിസിനസ്സ് അവലോകന കാലയളവില്‍ 23 ശതമാനം വളര്‍ച്ച നേടി. എങ്കിലും, ഐ കെയര്‍ ഡിവിഷനില്‍ നിന്നുള്ള വരുമാനം 3 ശതമാനം കുറഞ്ഞു. ഈ പാദത്തില്‍, ടൈറ്റന്‍ ഐ പ്‌ളസ് ജിസിസി മേഖലയില്‍ ദുബായിലും ഷാര്‍ജയിലും ഓരോ സ്റ്റോറുകള്‍ വീതം തുറന്നു. കമ്പനിയുടെ ഇന്ത്യന്‍ ഡ്രസ്വെയര്‍ ബിസിനസ്സായ ടാനീറ 61 ശതമാനം വളര്‍ച്ച നേടി. ഈ പാദത്തില്‍ ബ്രാന്‍ഡ് 11 പുതിയ സ്റ്റോറുകള്‍ തുറന്നു.
സുഗന്ധദ്രവ്യങ്ങളിലും ഫാഷന്‍ ആക്‌സസറികളിലും നിന്നുള്ള കമ്പനിയുടെ വരുമാനത്തില്‍ 9 ശതമാനം ഇടിവ് നേരിട്ടു.