7 July 2023 9:08 AM
ടൈറ്റന്‍ ഓഹരിക്ക് റെക്കോഡ് നേട്ടം; ജുന്‍ജുന്‍വാല മിനിറ്റുകള്‍ കൊണ്ട് നേടിയത് 500 കോടി രൂപ
MyFin Desk
Summary
- ടൈറ്റന്റെ ജ്വല്ലറി വിഭാഗം 21 ശതമാനം വളര്‍ച്ച കൈവരിച്ചു
- രേഖ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയില്‍ 5.29% ഉണ്ട്
- 2,85,077 കോടി രൂപയിലെത്തി ടൈറ്റന്റെ വിപണി മൂല്യം
ഇന്ന് (ജുലൈ 7) റെഗുലര്‍ സെഷനില്‍ ടൈറ്റന്റെ ഓഹരികള്‍ 3 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 3,211.10 രൂപയിലെത്തി.
മുന്‍ സെഷനിലെ 2,75,720 കോടി രൂപയില്‍നിന്ന് 9,357 കോടി രൂപ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 2,85,077 കോടി രൂപയിലെത്തി ടൈറ്റന്റെ വിപണി മൂല്യം.
രേഖ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയില്‍ 46,945,970 ഓഹരികള്‍ (5.29%) ഉണ്ട്. ടൈറ്റന്റെ ഓഹരിവിലയിലുണ്ടായ കുതിച്ചുചാട്ടം രേഖ ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ ഏകദേശം 494 രൂപയുടെ വര്‍ധനയുണ്ടാക്കി.
ജുലൈ 6 വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ടൈറ്റന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത് 3,106.40 രൂപയിലായിരുന്നു. അപ്പോള്‍ രേഖയുടെ ഓഹരിമൂല്യം 14,581 കോടി രൂപയുമായിരുന്നു.
ജുലൈ 7 ന് ഓഹരി മൂല്യ കുതിച്ചുയര്‍ന്നതോടെ ഓഹരിമൂല്യം 15,069 കോടി രൂപയിലെത്തി.
പ്രമുഖ ഓഹരി നിക്ഷേപകനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ബിസിനസുകാരനുമായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ ജുന്‍ജുന്‍വാല. 2022 ഓഗസ്റ്റില്‍ 62-ാം വയസിലാണ് രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചത്.
ഫോര്‍ബ്‌സ് പ്രകാരം 2022 ഓഗസ്റ്റ് വരെ 5.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1987-ലാണ് രാകേഷ് ജുന്‍ജുന്‍വാലയെ രേഖ വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.
രേഖയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും മൂല്യവത്തായ ആസ്തിയാണ് വാച്ച്, ആഭരണ നിര്‍മാതാക്കളായ ടൈറ്റന്റെ ഓഹരി. ടൈറ്റന് പുറമെ മെട്രോ ബ്രാന്‍ഡുകള്‍, സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ ഓഹരികളിലും രേഖ നിക്ഷേപം നടത്തിയിട്ടുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ടൈറ്റന്റെ വരുമാന വളര്‍ച്ച 20 ശതമാനം രേഖപ്പെടുത്തി.
എല്ലാ പ്രധാന ബിസിനസ്സുകളിലും ഇരട്ട അക്ക വളര്‍ച്ചയോടെ ടൈറ്റന്‍ വര്‍ഷാടിസ്ഥാനത്തില്‍ (year-on-year) 20 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു.
ജൂണ്‍ പാദത്തില്‍ ടൈറ്റന്‍ 68 സ്റ്റോറുകള്‍ തുറന്നു. ടൈറ്റന്റെ മൊത്തം റീട്ടെയ്ല്‍ സ്റ്റോറുകള്‍ (കാരറ്റ്‌ലെയ്ന്‍ ഉള്‍പ്പെടെ) ഇതോടെ 2,778 ആയി.
ജൂണ്‍ പാദത്തില്‍ ടൈറ്റന്റെ ജ്വല്ലറി വിഭാഗം 21 ശതമാനം വളര്‍ച്ച കൈവരിച്ചു. തൃപ്തികരമായ പ്രകടനമാണിതെന്ന് കമ്പനി പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ സ്വര്‍ണ വിലയില്‍ കാര്യമായ ചാഞ്ചാട്ടമുണ്ടായിട്ടും, ഏപ്രിലില്‍ അക്ഷയ തൃതീയ വില്‍പ്പനയും ജൂണില്‍ വിവാഹ പര്‍ച്ചേസുകളും ശക്തമായിരുന്നെന്നും ടൈറ്റന്‍ പറഞ്ഞു.
ടൈറ്റന്റെ തനിഷ്‌ക് ഷാര്‍ജയില്‍ ഒരു പുതിയ സ്റ്റോര്‍ തുറന്നു. അതുവഴി ജിസിസി മേഖലയിലെ 7 സ്റ്റോറുകളും യുഎസ്സില്‍ 1 സ്റ്റോറുമായി അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിച്ചു.
വാച്ചസ് & വെയറബിള്‍സ് ഡിവിഷന്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. അതില്‍ 8 ശതമാനം വളര്‍ച്ച സംഭാവന ചെയ്തത് അനലോഗ് വാച്ച് വിഭാഗമായിരുന്നു.
WearablesEyeCare വിഭാഗം 84 ശതമാനം വാര്‍ഷിക വളര്‍ച്ചയും 10 ശതമാനം വില്‍പ്പന വളര്‍ച്ചയും കൈവരിച്ചു. ആഭരണങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ്, മിക്സ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് ആനുകൂല്യങ്ങള്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ 100 കണ്ണട വില്‍പ്പനശാലകളുടെ വിപുലീകരണം, വാച്ചുകള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിലുണ്ടായ വേഗത, ടനെയ്‌റ, വെയറബിള്‍സ് തുടങ്ങിയ വളര്‍ന്നുവരുന്ന ബിസിനസ്സുകളിലുണ്ടായ വര്‍ദ്ധന എന്നിവ ടൈറ്റന് ഗുണകരമായി തീര്‍ന്ന ഘടകങ്ങളാണെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ടൈറ്റന്റെ ജ്വല്ലറി വില്‍പ്പന വളര്‍ച്ച പ്രതീക്ഷിച്ചതിലും ശക്തമാണെന്നു ഗോള്‍ഡ്മാന്‍ സാക്സ് പറഞ്ഞു.