3 Nov 2023 4:45 PM IST
Summary
- ടൈറ്റന്റെ വാച്ച് ആന്‍ഡ് വെയറബിള്‍ വിഭാഗം ആദ്യമായി ത്രൈമാസ വരുമാനം 1,000 കോടിയിലധികം രൂപ കടന്നു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റന്‍ സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറില്‍ 940 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ പാദത്തിലെ 857 കോടിയില്‍ നിന്ന് 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം മുന്‍ വർഷമിതേ കാലയളവിലെ 8,730 കോടി രൂപയില്‍ നിന്ന് 33.6 ശതമാനം വര്‍ധിച്ച് 11,660 കോടി രൂപയായി.
ജ്വല്ലറി ബിസിനസ്സ് മൊത്തം വരുമാനം 8,575 കോടി രൂപയായി. വര്‍ഷം തോറും 19 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഈ പാദത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ ബിസിനസ് 21 ശതമാനം വളര്‍ച്ച നേടി. ടൈറ്റന്റെ ഉപകമ്പനിയായ കാരറ്റ്ലെയ്നിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 45 ശതമാനം വര്‍ധിച്ച് 650 കോടി രൂപയായി. കമ്പനിയുടെ എബിറ്റ് 26 കോടി രൂപയായി.
ടൈറ്റന്റെ വാച്ച് ആന്‍ഡ് വെയറബിള്‍ വിഭാഗത്തിന്‍ ത്രൈമാസ വരുമാനം ആദ്യമായി 1,000 കോടി രൂപ കടന്നു. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദഫലത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനയാണുണ്ടായത്. ഇതോടെ 1,092 കോടി രൂപയുടെ മൊത്തം വരുമാനം രേഖപ്പെടുത്തി.
2023 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ അനലോഗ് വാച്ചുകളുടെ വരുമാനം 870 കോടി രൂപയായി. 22 ശതമാനത്തിന്റെ വര്‍ധന. അതേസമയം വെയറബിള്‍ പോര്‍ട്ട്ഫോളിയോ അതേ കാലയളവില്‍ 131 ശതമാനം വര്‍ധിച്ച് 175 കോടി വരുമാനം നേടി.
മികച്ച ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഓഹരി വില 75 രൂപ ഉയർന്ന് 3277 രൂപയിലാണ് ക്ലോസ് ചെയ്തത്.
സുസ്ലോണ്‍ എനര്‍ജിക്കും നേട്ടം
രണ്ടാം പാദ ഫലം പുറത്ത് വന്നപ്പോള്‍ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മ്മാതാക്കളായ സുസ്ലോണ്‍ എനര്‍ജിയുടെ അറ്റാദായം 45 ശതമാനം വര്‍ധിച്ച് 102 കോടി രൂപയായി. അറ്റാദായം മുന്‍വർഷമിതേ കാലയളവില്‍ 56 . 5 കോടി രൂപയായിരുന്നു. റിപ്പോർട്ടിംഗ് ക്വാർട്ടറില്‍ കമ്പനിക്ക് 35 കോടി രൂപ അസാധാരണ നഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,430 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 1,417 കോടി രൂപയായി കുറഞ്ഞു.
മികച്ച ഫലത്തിന്‍റെ പിന്‍ബലത്തില്‍ കമ്പനിയുടെ ഓഹരി വില 4 . 31 ശതമാനം ഉയർന്ന് 32 . 65 രൂപയില്‍ ക്ലോസ് ചെയ്തു.