2 Feb 2024 1:32 PM GMT
Summary
- കമ്പനിയുടെ മൊത്ത വരുമാനം 25 ശതമാനം ഉയർന്നു
- ജെഎൽആർ വിൽപ്പന 27 ശതമാനം ഉയർന്നു
- എബിറ്റ്ഡ മാർജിൻ 13.9 ശതമാനത്തിലെത്തി
നടപ്പ് വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ച് ടാറ്റ മോട്ടോർസ്. കമ്പനിയുടെ സംയോജിത അറ്റാദായം 137.5 ശതമാനം ഉയർന്ന് 7,025.11 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷത്തെ സമാന പാദത്തിൽ 2,958 കോടി രൂപയായിരുന്നു. ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിൻ്റെ (ജെഎൽആർ) ശക്തമായ വിൽപനയുടെ ഫലമായി അറ്റാദായത്തിൽ ഇരട്ടിയിലധികം വർധനവ് രേഖപെടുത്താനായി.
നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ മൊത്ത വരുമാനം 25 ശതമാനം ഉയർന്ന് 110,577 കോടി രൂപയായി. മുൻ വർഷമിത് 88,488.59 കോടി രൂപയായിരുന്നു. ഈ കാലയളവിലെ ജെഎൽആർ വിൽപ്പന 27 ശതമാനം ഉയർന്നു. എബിറ്റ്ഡയ്ക്ക് മുൻപുള്ള കമ്പനിയുടെ വരുമാനം 59 ശതമാനം ഉയർന്ന് 15,333 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 9,644 കോടി രൂപയായിരുന്നു. എബിറ്റ്ഡ മാർജിൻ മുൻവർഷത്തെ 10.9 ശതമാനത്തേക്കാൾ 300 ബേസിസ് പോയിൻ്റുകൾ (ബിപിഎസ്) ഉയർന്ന് 13.9 ശതമാനത്തിലെത്തി. മൂന്നാം പാദത്തിൽ നികുതിക്ക് മുമ്പുള്ള ലാഭം 7,493 കോടി രൂപയായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 3,202 കോടി രൂപയായിരുന്നു.
ഡിസംബർ പാദത്തിൽ ജെഎൽആർ-ൻ്റെ വരുമാനം 22 ശതമാനം ഉയർന്ന് 7.4 ബില്യൺ പൗണ്ടായി റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വാർഷിക വരുമാനം 35 ശതമാനം ഉയർന്ന് 21.1 ബില്യൺ പൗണ്ടായി - ഒരു സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ ഏറ്റവും ഉയർന്ന വരുമാനമാണിത്. എബിറ്റ് (EBIT) മാർജിൻ 8.8 ശതമാനത്തിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം 627 മില്യൺ പൗണ്ടിലെത്തി. 2017 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദംത്തിനു ശേഷമുള്ള ജെഎൽആർൻ്റെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭമാണിത്.
ടാറ്റ മോട്ടോർസ് ഓഹരികൾ എൻഎസ്ഇ യിൽ 0.49 ശതമാനം ഉയർന്ന് 882.80 രൂപയിൽ ക്ലോസ് ചെയ്തു.