20 April 2023 3:26 AM
Summary
പാദടിസ്ഥാനത്തിൽ 17 ശതമാനത്തിന്റെ കുറവ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ടാറ്റ കമ്മ്യൂണികേഷൻസിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 11 ശതമാനം ഇടിഞ്ഞ് 326.03 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 365.06 കോടി രൂപയായിരുന്നു. തൊട്ടു മുൻപുള്ള ഡിസംബർ പാദത്തിൽ ഉണ്ടായിരുന്ന അറ്റാദായത്തിൽ നിന്നും 17 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. ഡിസംബർ പാദത്തിൽ 394 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4263.03 കോടി രൂപയിൽ നിന്ന് 4,586.66 കോടി രൂപയായി.
ഇതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടാറ്റ കമ്മ്യൂണികേഷന്റെ അറ്റാദായം തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത 1481.76 കോടി രൂപയിൽ നിന്ന് 21 ശതമാനം വർധിച്ച് 1795.96 കോടി രൂപയായി. പ്രവർത്തനങ്ങളായിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം 17838.26 കോടി രൂപയായി. 2021 -22 സാമ്പത്തിക വർഷത്തിൽ 16724.73 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വരുമാനത്തിൽ 6.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 21 രൂപ നിരക്കിലാണ് ലാഭവിഹിതം നൽകുക.