image

19 Oct 2023 10:35 AM GMT

Company Results

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ 23.2% വള‍‍ര്‍ച്ച

MyFin Desk

South Indian Bank Q2 Results
X

Summary

ഉച്ചയ്ക്കു ശേഷമുള്ള വ്യാപാര സെഷനില്‍ എസ്ഐബി ഓഹരികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നു


കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 23.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 275 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇത് 223 കോടി രൂപയായിരുന്നു . ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) മുന്‍ വര്‍ഷം സമാന കാലയളവില്‍ മൊത്തം വായ്പയുടെ 5.67 ശതമാനം ആയിരുന്നത് 4.96 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്ക്രിയാസ്‍‌തി 2.51 ശതമാനത്തിൽ നിന്ന് 1.70 ശതമാനമായി കുറഞ്ഞു.

അറ്റ പലിശ വരുമാനം (എൻഐഐ) മുന്‍ വര്‍ഷം സമാന കാലയളവിലെ 726 കോടി രൂപയില്‍ നിന്ന് 14.46 ശതമാനം ഉയർന്ന് 831 കോടി രൂപയായി. അറ്റ പലിശ മാർജിനുകൾ 2021 -22 സെപ്തംബർ പാദത്തിലെ 3.21 ശതമാനത്തിൽ നിന്ന് 10 ബിപിഎസ് ഉയര്‍ന്ന് 2022 -23 സെപ്തംബർ പാദത്തിൽ 3.31 ശതമാനമായി.

മികച്ച വരുമാന പ്രഖ്യാപനം പുറത്തുവന്നത് ഓഹരി വിപണിയിലും എസ്ഐബി ഓഹരികളുടെ മുന്നേറ്റത്തിന് ഇടയാക്കി. ബി‌എസ്‌ഇയിൽ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിനിടെ എസ്ഐബി ഓഹരി മൂല്യം 2.04 ശതമാനം ഉയർന്ന് 26.50 രൂപയിലെത്തി. കമ്പനിയുടെ മൊത്തം 56.83 ലക്ഷം ഓഹരികൾ ഇന്ന് ബിഎസ്‌ഇയിൽ കൈമാറ്റം ചെയ്യപ്പെട്ടു, 14.71 കോടി രൂപയുടെ ഉയർന്ന വിറ്റുവരവുണ്ടായി. 1.35 ശതമാനം ഉയര്‍ച്ചയോടെ 26.35 രൂപയിലാണ് എസ്ഐബി ഓഹരികളുടെ വ്യാപാരം അവസാനിച്ചത്.