21 Jan 2025 1:35 PM GMT
Summary
9.39 ശതമാനമാണ് വാർഷിക വളർച്ച
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. ലാഭം 11.96 ശതമാനം ഉയർന്ന് 341.87 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം. ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 483.45 കോടി രൂപയിൽ നിന്ന് 528.84 കോടി രൂപയായി വർധിച്ചു. 9.39 ശതമാനമാണ് വാർഷിക വളർച്ച. ഇതോടെ ബാങ്കിന്റെ മൊത്ത വരുമാനം 2,817 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2,636.23 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 4.74 ശതമാനത്തില്‍ നിന്നും 44 പോയിന്റുകൾ കുറഞ്ഞു 4.30 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 36 പോയിന്റുകൾ കുറച്ച് 1.61 ശതമാനത്തില്‍ നിന്നും 1.25 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ആസ്തികളിന്മേലുള്ള വരുമാനം 1.07 ശതമാനത്തിൽ നിന്നും 1.12 ശതമാനമായും വർധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാർഷിക വളർച്ചയോടെ 869.26 കോടി രൂപയിലെത്തി.
എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകൾ വർധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകൾ വർധിച്ച് 71.73 ശതമാനവുമായി. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളർച്ചയോടെ 1,02,420 കോടി രൂപയിലെത്തി.
എൻ.ആർ.ഐ നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ ഇത് 29,236 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപം 4.13 ശതമാനം വർധിച്ചു.
സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 3.37 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തിൽ 7.73 ശതമാനവുമാണ് വർധന. വായ്പാ വിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചു. 77,686 കോടി രൂപയിൽ നിന്നും 86,966 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 16.94 ശതമാനം വാർഷിക വർധനയോടെ 29,892 കോടി രൂപയിൽ നിന്നും 34,956 കോടി രൂപയിലെത്തി.