5 Jan 2024 7:01 AM GMT
Summary
- മൂന്നാം പാദത്തില്‍ 2 പുതിയ പ്രോജക്റ്റുകൾ ആരംഭിച്ചു
- പണമൊഴുക്ക് ശക്തമായി തുടരുന്നു, കട ബാധ്യത കുറഞ്ഞു
- ശരാശരി വിലയിലും ഉയര്‍ച്ച രേഖപ്പെടുത്തി
റിയൽറ്റി സ്ഥാപനമായ ശോഭ ലിമിറ്റഡിന്‍റെ വിൽപ്പന ബുക്കിംഗ് ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 37 ശതമാനം വർധന രേഖപ്പെടുത്തി 1,951.6 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ വിൽപ്പന ബുക്കിംഗ് 1,424.7 കോടി രൂപയായിരുന്നു. "ശോഭയുടെ എക്കാലത്തെയും മികച്ച വിൽപ്പന പാദമാണ് ഇക്കഴിഞ്ഞ ഒക്റ്റോബര്‍-ഡിസംബര്‍,” കമ്പനി വ്യാഴാഴ്ച വൈകി നടത്തിയ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ശരാശരി വില ചതുരശ്ര അടിക്ക് 11,732 രൂപയായി മെച്ചപ്പെട്ടു, മുൻ വർഷം ഇതേ കാലയളവിൽ ചതുരശ്ര അടിക്ക് 9,653 രൂപയായിരുന്നു. വോളിയം അടിസ്ഥാനത്തില്‍ അവലോകന കാലയളവിലെ വിൽപ്പന ബുക്കിംഗ് 16.63 ലക്ഷം ചതുരശ്ര അടിയായി ഉയർന്നു. 2022-23 മൂന്നാം പാദത്തില്‍ 14.76 ലക്ഷം ചതുരശ്ര അടിയായിരുന്നു ഇത്.
ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ് ബെംഗളൂരു രേഖപ്പെടുത്തിയത്. ശോഭ നിയോപോളിസ് പ്രോജക്റ്റ് വിജയകരമായി സമാരംഭിച്ചതാണ് ബെംഗളൂരുവിലെ വില്‍പ്പന ഉയര്‍ത്തിയത്. 14.99 ബില്യൺ രൂപ മൂല്യം കണക്കാക്കുന്ന 1.25 ദശലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന ബുക്കിംഗ് ബെംഗളൂരുവില്‍ നടന്നതായി കമ്പനി അറിയിച്ചു. ഗുരുഗ്രാമിലെ ശോഭാ സിറ്റിയുടെ വിൽപ്പന പൂർത്തീകരിച്ചുകൊണ്ട് ഡൽഹി-എൻസിആർ മേഖല ശക്തമായ മുന്നേറ്റം തുടർന്നു.
"മൂന്നാം പാദത്തിൽ ഞങ്ങൾ 3.84 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 2 പുതിയ പ്രോജക്റ്റുകൾ ആരംഭിച്ചു. ഈ പാദത്തില്‍ പണമൊഴുക്ക് ശക്തമായി തുടരുകയും അറ്റ കടം കൂടുതല്‍ കുറയുകയും ചെയ്തു," ശോഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശോഭ രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളാണ്.