1 Jan 2024 2:57 PM IST
Summary
- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 45% കുറഞ്ഞു
- ചെലവ് കാര്യക്ഷമമായി വെട്ടിച്ചുരുക്കാനായി
- പ്ലാറ്റ്‍ഫോമിന്‍റെ ഏകീകൃത വരുമാനം 2022-23ല്‍ 31% കുറഞ്ഞു
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ഡീൽ 2022 -23ലെ സാമ്പത്തിക പ്രകടനത്തിൽ ഗണ്യമായ മുന്നേറ്റം രേഖപ്പെടുത്തി. ന്യൂഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 388 കോടി രൂപയുടെ വരുമാനം നേടിയെന്നാണ് വെളിപ്പെടുത്തിയിട്ടുള്ളത്, നഷ്ടത്തിൽ 45 ശതമാനം കുറവു വരുത്താനായി. മുന്‍ സാമ്പത്തില വര്‍ഷത്തിലെ 510 കോടി രൂപയിൽ നിന്ന് 2022 -23ലെ നഷ്ടം 282 കോടി രൂപയായി കുറച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ കമ്പനി ലാഭത്തിലേക്ക് കടന്നുവെന്ന പ്രഖ്യാപനവും അധികൃതര്‍ നടത്തിയിട്ടുണ്ട്. വിശദമായ മൂന്നാം പാദ റിപ്പോര്‍ട്ട് അധികം വൈകാതെ കമ്പനി പുറത്തുവിടും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എബിറ്റ്ഡ നഷ്ടം 65.6 ശതമാനം കുറച്ച് 144 കോടി രൂപയാക്കുന്നതില്‍ കമ്പനി സ്വീകരിച്ച ചില ഉറച്ച നിലപാടുകള്‍ സഹായകമായി. 2022-23 സാമ്പത്തിക വർഷത്തിൽ, പ്ലാറ്റ്‌ഫോം വരുമാനത്തിന്റെ 35.5 ശതമാനം വരെ മാര്‍ജിന്‍ ഉയര്‍ത്താനായി എന്നതാണ് ശ്രദ്ധേയമായ കാര്യം, മുൻ സാമ്പത്തിക വർഷത്തില്‍ ഇത് 31.8 ശതമാനം ആയിരുന്നു.
എങ്കിലും പ്ലാറ്റ്‍ഫോമിന്‍റെ ഏകീകൃത വരുമാനം 31 ശതമാനം കുറഞ്ഞ് 2222 ലെ 563 കോടി രൂപയിൽ നിന്ന് 388 കോടി രൂപയായി.
ഒക്ടോബർ-ഡിസംബർ പാദത്തിൽ ഏകീകൃത അടിസ്ഥാനത്തിൽ കമ്പനി ലാഭക്ഷമതയില്‍ എത്തിയെന്നും രാജ്യത്തെ ഇ-കൊമേഴ്സ് ഉപഭോഗത്തിലെ വൈവിധ്യം വിപുലമാകുകയാണെന്നും സ്‌നാപ്‍ഡീലിന്റെ സിഇഒ ഹിമാൻഷു ചക്രവർത്തി പറഞ്ഞു.