19 Jan 2024 7:48 AM GMT
Summary
- പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 8.83 ശതമാനം ഉയർന്നു
- ഷോപ്പേഴ്‌സ് സ്റ്റോപ്പ് 105 ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളാണ് നിലവിലുള്ളത്
- രഹേജ ഫാമിലിയാണ് ഈ റീട്ടെയിൽ സ്ഥാപനം പ്രൊമോട്ട് ചെയ്യുന്നത്
2023-24 സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ പാദ ഫലങ്ങൾ പുറത്തു വിട്ട് ഷോപ്പേഴ്‌സ് സ്റ്റോപ്പ്. കമ്പനിയുടെ അറ്റാദായം 41.26 ശതമാനം ഇടിഞ്ഞ് 36.85 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 62.74 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു.
ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 8.83 ശതമാനം ഉയർന്ന് 1,237.52 കോടി രൂപയിലെത്തി. ഒരു വർഷം മുൻപ് ഇത് 1,137.07 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 10.62 ശതമാനം ഉയർന്ന് 1,189.96 കോടി രൂപയായി. ഷോപ്പേഴ്‌സ് സ്റ്റോപ്പിലെ മറ്റ് വരുമാനം ഉൾപ്പെടെയുള്ള മൊത്തം വരുമാനം 6.83 ശതമാനം ഉയർന്ന് 1,240.88 കോടി രൂപയായി.
റഹേജ ഫാമിലി പ്രൊമോട്ട് ചെയ്ത റീട്ടെയിൽ സ്ഥാപനത്തിന് കിഴിൽ ഏഴ് പ്രീമിയം ഹോം കൺസെപ്റ്റ് സ്റ്റോറുകൾ, എം എ സി, എസ്റ്റി ലോഡർ, ബോബി ബ്രൗൺ, ക്ലിനിക്, ജോ മലോൺ, ടൂ ഫെയ്‌സ്ഡ്, എസ്എസ് ബ്യൂട്ടി ന്നിവയുടെ 88 സ്‌പെഷ്യാലിറ്റി ബ്യൂട്ടി സ്റ്റോറുകൾ,10 ഇന്റ്യൂൺ സ്റ്റോറുകൾ, 23 എയർപോർട്ട് സ്റ്റോറുകൾ തുടങ്ങിയവയുണ്ട്.
ഈ പാദത്തിൽ, നാല് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ, നാല് ബ്യൂട്ടി, നാല് ഇന്റ്യൂൺ, ഒരു എയർപോർട്ട് സ്റ്റോർ എന്നിവ ഉൾപ്പെടുന്ന 13 സ്റ്റോറുകൾ കമ്പനി കൂട്ടിച്ചേർത്തു. ഷോപ്പേഴ്‌സ് സ്റ്റോപ്പ് 105 ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളാണ് നിലവിലുള്ളത്.
ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഓഹരികൾ നിലവിൽ എൻഎസ്ഇ യിൽ 2.68 ശതമാനം താഴ്ന്ന് 683.70 രൂപയിൽ വ്യാപാരം തുടരുന്നു.