image

9 Jan 2024 9:01 AM GMT

Company Results

തുടര്‍ച്ചയായ 6-ാം പാദത്തിലും ലാഭമിടിഞ്ഞു; കാലിടറുമോ സാംസംഗിന്?

Sandeep P S

Will Samsung lose profit for the 6th consecutive quarter?
X

സാംസങ് ഇലക്‌ട്രോണിക്‌സ് കമ്പനിയുടെ പ്രവര്‍ത്തന ലാഭം തുടര്‍ച്ചയായ ആറാം പാദത്തിലും ഇടിവ് രേഖപ്പെടുത്തി. കൊറിയയിലെ ഏറ്റവും വലിയ കമ്പനിയുടെ പ്രവർത്തന നേട്ടം 35 ശതമാനം ഇടിവ് രേഖപ്പെടുത്തി 2.8 ട്രില്യൺ വോൺ (2.1 ബില്യൺ ഡോളർ) ആയി, ഏകദേശം 24 ശതമാനം ഇടിവാണ് പ്രാഥമിക നിഗമനങ്ങളില്‍ പ്രതീക്ഷിച്ചിരുന്നത്. വരുമാനം പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞ് 67 ട്രില്യണിലെത്തി. 2023ലെ മൊത്തം കണക്കെടുത്താല്‍, 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രവർത്തന ലാഭമാണ് സാംസങ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ദുർബലമായ ഉപഭോക്തൃ ഡിമാന്‍ഡും ടെക്നോളജി മേഖല മൊത്തത്തില്‍ അഭിമുഖീകരിക്കുന്ന തളര്‍ച്ചയും പ്രതിഫലിപ്പിക്കുന്നതാണ് സാംസംഗിന്‍റെ കണക്കുകള്‍. സാമ്പത്തിക അനിശ്ചിതത്വം സ്മാർട്ട്‌ഫോണുകളുടെയും മെമ്മറി ചിപ്പുകളുടെയും ആവശ്യകത ഗണ്യമായി കുറച്ചിട്ടുണ്ട്. പല നിക്ഷേപകരും 2024-ൽ ടെക് വിപണി വീണ്ടെടുക്കല്‍ പ്രകടമാക്കുമെന്ന് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കുതിച്ചുചാട്ടത്തിന്‍റെ ഫലമായി 2024-ൽ 160 ബില്യൺ ഡോളറിന്റെ മെമ്മറി ചിപ്പ് വിപണി ക്രമേണ തിരിച്ചുവരുമെന്ന് 2023 ഒക്ടോബറിൽ സാംസങ് വിലയിരുത്തിയിരുന്നു. 2023 അവസാനത്തോടെ ഉല്‍പ്പന്ന വിലകള്‍ ഉയര്‍ത്താനാകുമെന്നും കമ്പനി പ്രതീക്ഷിച്ചു. എന്നാല്‍ കമ്പനി വെല്ലുവിളി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഒക്റ്റോബര്‍-നവംബര്‍ കാലയളവിലെ റിസള്‍ട്ട്, ഇതേതുടര്‍ന്ന് ചൊവ്വാഴ്ച സിയോളിൽ കമ്പനിയുടെ ഓഹരികൾ 0.9% വരെ ഇടിഞ്ഞു.

കടുത്ത മത്സരവും ഉയർന്ന വിപണന ചെലവും ഉപഭോക്തൃ ഇലക്ട്രോണിക്‌സ് യൂണിറ്റിന് തിരിച്ചടിയായി, അതേസമയം സ്മാർട്ട്‌ഫോൺ ബിസിനസിൽ നിന്നുള്ള ലാഭം അനലിസ്‍‌റ്റുകളുടെ കണക്കുകൂട്ടലുകളിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.