21 July 2023 9:55 AM
Summary
- സ്റ്റീല് വില്‍പ്പനയില്‍ മുന്‍പാദത്തെ അപേക്ഷിച്ച് ഇടിവ്
- ചെലവില്‍ വാര്‍ഷിക ഇടിവ് രേഖപ്പെടുത്താനായി
- ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 11% വാര്‍ഷിക വളര്‍ച്ച
2023-24 ആദ്യ പാദത്തില്‍ ഏകീകൃത അറ്റാദായം മൂന്നിരട്ടി വര്‍ധിച്ച് 2,428 കോടി രൂപയിൽ എത്തിയെന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ പ്രഖ്യാപിച്ചു. വരുമാനത്തില്‍ ഉണ്ടായ വളര്‍ച്ചയാണ് പ്രധാനമായും ലാഭത്തില്‍ പ്രതിഫലിക്കുന്നത്. 2022-23ലെ ഇതേ കാലയളവിൽ 839 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നതെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ വിശദീകരിക്കുന്നു. മൊത്തവരുമാനം മുൻ വർഷം ഇതേ പാദത്തിലെ 38,275 കോടി രൂപയിൽ നിന്ന് 42,544 കോടി രൂപയായി ഉയർന്നു. ചെലവ് മുന്‍ വര്‍ഷം സമാന കാലയളവില്‍ ഉണ്ടായിരുന്ന 36,977 കോടി രൂപയിൽ നിന്ന് 39,030 കോടി രൂപയായി കുറഞ്ഞു.
കമ്പനിയുടെ ഏകീകൃത ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം അവലോകന പാദത്തിൽ 11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 6.43 ദശലക്ഷം ടണ്ണില്‍ (എംടി) എത്തി. സ്റ്റീൽ വിൽപ്പന 5.71 എംടി ആയിരുന്നു, 27 ശതമാനം വാര്‍ഷിക വര്‍ധന. മുന്‍ പാദത്തെ അപേക്ഷിച്ച് 13 ശതമാനം കുറവാണിത്. , ത്രൈമാസത്തിന്‍റെ അവസാനത്തോടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റ് കയറ്റുമതിയെ ബാധിച്ചതാണ് ഇതിന് പ്രധാന കാരണമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ ശരാശരി ശേഷി വിനിയോഗം 92 ശതമാനമായിരുന്നു. 2022 -23 ആദ്യ പാദത്തിലിത് 96 ശതമാനമായിരുന്നു. ഉപകമ്പനിയായ ജെഎസ്‍ഡബ്ല്യു സ്റ്റീൽ കോട്ടഡ് പ്രോഡക്‌ട്‌സ് അവലോകന പാദത്തിൽ 0.98 എംടി ഉൽപ്പാദനവും 0.94 എംടി വിൽപ്പനയും രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8,179 കോടി രൂപയും നികുതിക്കു ശേഷമുള്ള ലാഭം 119 കോടി രൂപയുമാണ്. മുൻ പാദത്തിലെ മാർജിനുകളും ഏറക്കുറേ സമാനമായിരുന്നു.
ഭൂഷൺ പവർ ആൻഡ് സ്റ്റീൽ (ബിപിഎസ്എല്‍) 0.74 എംടി ഉൽപ്പാദനവും 0.69 എംടി വിൽപ്പനയും രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5,474 കോടി രൂപയും നികുതിക്കു ശേഷമുള്ള ലാഭം 199 കോടി രൂപയുമാണ്.
ജപ്പാനിലെ ടോക്കിയോയിലാണ് ജെഎസ്‍ഡബ്ല്യൂ സ്റ്റീലിന്‍റെ ഇന്നത്തെ ബോര്‍ഡ് യോഗം നടന്നത്. ജപ്പാനിലെ ജെഎഫ്ഇ സ്റ്റീൽ കമ്പനിയുടെ ഓഹരിയുടമയാണ്. സ്വയം സൗരഭിനെ ബോര്‍ഡ് യോഗം ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചു