10 Feb 2024 11:20 AM GMT
Summary
- 2019 മുതൽ ശക്തമായ ബുള്ളിഷ് പ്രവണത.
- ലാഭം 2442.2 കോടി രൂപ.
- വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 6% ഉയർച്ച.
മൂന്നാം പാദ ഫലങ്ങൾക്കു ശേഷം ഭാരതി എയർടെൽ ഓഹരികളിൽ മികച്ച മുന്നേറ്റം. ദീർഘ വർഷം നിലനിന്ന ഏകീകരണത്തിനു ശേഷം 2019 മുതൽ ശക്തമായ ബുള്ളിഷ് പ്രവണതയിലാണ് ഓഹരികൾ.
ഒക്ടോബർ ഡിസംബർ പാദങ്ങളിൽ കമ്പനിയുടെ മൊത്തലാഭം വാർഷികാടിസ്ഥാനത്തിൽ 54 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2442.2 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വരുമാനം വാർഷികാടിസ്ഥാനത്തിൽ 6 ശതമാനം ഉയർന്ന് 37,900 കോടി രൂപയായി. ഫോറെക്സ് നഷ്ടം വെല്ലുവിളിയുയർത്തിയ പാദത്തിലും ശക്തമായ സംഖ്യകൾ റിപ്പോർട്ട് ചെയ്തതാണ് മാർക്കറ്റിൽ ഓഹരികളെ ആകർഷകമാക്കിയത് എന്ന് ഭാരതി എയർടെലിന്റെ മാനേജിംഗ് ഡയറക്ടർ ഗോപാൽ വിറ്റൽ പറഞ്ഞു.
കമ്പനിയുടെ എബിറ്റ്ഡ മാർജിൻ 53.9 ശതമാനം ഉയർന്നു. റിപ്പോർട്ട് ചെയ്ത സംഖ്യകളിൽ ഏറ്റവും ആകർഷകം എആർപിയു (AVERAGE REVENUE PER USER) ആണ്. കഴിഞ്ഞവർഷം സമാന പാദത്തിൽ രേഖപ്പെടുത്തിയ 193 രൂപയിൽ നിന്നും 208 രൂപയിലേക്ക് എആർപിയു ഉയർന്നു. ഫോർജി ഫൈവ് ജി വിഭാഗങ്ങളിൽ വിപണി വിഹിതം വർദ്ധിച്ചിട്ടുണ്ട്. 13% ഉയർച്ചയാണുണ്ടായത്. 28.2 മില്യൺ 4ജി /5ജി ഉപഭോക്താക്കളെ കൂട്ടിച്ചേർക്കാനും എയർടെലിന് സാധിച്ചു.
നിലവിൽ 6 .5 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഗ്രാമ പ്രദേശങ്ങളിൽ 4ജി സേവനങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതികളും, 2024, 2025 സാമ്പത്തിക വർഷങ്ങളിലായി നീളുന്ന 5ജി പദ്ധതികളും കമ്പനിയുടെ വരുമാനം ഉയർത്തുമെന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്.