image

15 July 2023 8:26 AM GMT

Company Results

റിലയന്‍സ് ഒന്നാം പാദ ഫലം ജുലൈ 21ന് പുറത്തുവിടും

MyFin Desk

റിലയന്‍സ് ഒന്നാം പാദ ഫലം ജുലൈ 21ന് പുറത്തുവിടും
X

Summary

  • ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിനെ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്
  • ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജുലൈ 20 മുതല്‍ എഫ്ടിഎസ്ഇ റസ്സല്‍ സൂചികയുടെ ഭാഗമാകും
  • റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍സിന്റെ ഒരു ഓഹരി കൂടി ലഭിക്കും


റിലയന്‍സ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ (Q1) ഫലം ജുലൈ 21ന് പ്രഖ്യാപിക്കും. ഫോര്‍ച്യൂണ്‍ 500 കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ഫലത്തിലെ വരുമാനം ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന സംഭവമാണ്.

കാരണം ജുലൈ 20ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിനെ വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് (ജെഎഫ്എസ്എല്‍) രൂപം കൊടുക്കുമെന്ന് അറിയിച്ചിരുന്നു.

ഈ പ്രഖ്യാപനം നടത്തിയതോടെ റിലയന്‍സിന്റെ ഓഹരിവില കുത്തനെ ഉയര്‍ന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിനെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനും റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. മിക്കവാറും ഒക്ടോബറിലായിരിക്കും ലിസ്റ്റ് ചെയ്യുക.

ജുലൈ 21ന് ഒന്നാം പാദ ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജുലൈ 20 മുതല്‍ എഫ്ടിഎസ്ഇ റസ്സല്‍ (Financial Times Stock Exchange-Russell) സൂചികയുടെ ഭാഗമാകുമെന്ന് എഫ്ടിഎസ്ഇ റസ്സല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് എഫ്ടിഎസ്ഇ റസ്സല്‍.

മൂന്ന് സൂചികകളാണ് (indices) എഫ്ടിഎസ്ഇ റസ്സലിനുള്ളത്.

റിലയന്‍സിന്റെ ഓഹരി ഉടമകള്‍ക്ക് റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍സിന്റെ ഒരു ഓഹരി കൂടി ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. റിലയന്‍സിന് 36 ലക്ഷം ഓഹരിയുടമകളാണുള്ളത്.

റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് വിഭജിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുനര്‍നാമകരണം ചെയ്യുന്നതിലൂടെ 36 ലക്ഷം ഓഹരിയുടമകള്‍ക്ക് അതിന്റെ നേട്ടമുണ്ടാകും.

വിഭജനവും തുടര്‍ന്നുള്ള ലിസ്റ്റിംഗും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂല്യം ഉയര്‍ത്തും. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാറും.

മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ഹിതേഷ് കുമാര്‍ സേഥിയാണ് എംഡിയും സിഇഒയും.

ഈയാഴ്ചയുടെ ആദ്യദിനങ്ങളില്‍ റിലയന്‍സ് ഓഹരികള്‍ റാലി തുടര്‍ന്നിരുന്നു. ജുലൈ 10, 11, 12 തീയതികളില്‍ ഓഹരി മുന്നേറ്റം നടത്തി. എന്നാല്‍ ജുലൈ 13ന് ഓഹരി താഴ്ന്നു. എങ്കിലും ജുലൈ 11ാം തീയതി രാവിലെ വ്യാപാരത്തിനിടെ 52 ആഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിരക്കായ 2,764.50 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 17 ശതമാനം വര്‍ധനയാണ് റിലയന്‍സിന്റെ ഓഹരി മൂല്യത്തിലുണ്ടായത്.

റിലയന്‍സിന്റെ എല്ലാ ഓഹരിയുടമകള്‍ക്കും തങ്ങളുടെ ഓരോ ഓഹരിക്കും പുതുതായി രൂപം കൊള്ളുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി ലഭിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് റിലയന്‍സ് ഓഹരി സ്വന്തമാക്കാനുള്ള തിരക്ക് ആരംഭിച്ചത്.

നിക്ഷേപകര്‍ക്ക് ജുലൈ 19 വരെ റിലയന്‍സ് ഓഹരി വാങ്ങാന്‍ സമയമുണ്ട്. ജുലൈ 20നാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രൂപം കൊള്ളുന്നത്.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരിയെ താഴെ പറയുന്ന സൂചികകളില്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

FTSE All-World Index,

FTSE MPF All-World Index,

FTSE Global Large Cap Index,

FTSE Emerging Index,

JPMorgan Diversified Factor Emerging Markets Equity Index,

FTSE RAFI All World 3000 Index,

FTSE RAFI All World 3000 Index QSR,

FTSE RAFI Emerging Index and FTSE RAFI Emerging Index indices.