21 Jun 2023 3:47 PM IST
16.4 ലക്ഷം കോടിയുടെ തിളക്കം;റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്വകാര്യ കമ്പനി
Antony Shelin
Summary
- റിലയന്‍സ് മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ നികുതിദായകന്‍ എന്ന നേട്ടമാണ് അത്
- ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് രണ്ടാം സ്ഥാനത്ത്
- അദാനി ഗ്രൂപ്പിലെ എട്ട് കമ്പനികളുടെ മൊത്തം മൂല്യം ഇടിഞ്ഞു
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനി എന്ന നേട്ടത്തിന് അര്‍ഹമായി. 16.4 ലക്ഷം കോടി രൂപയുടെ മൂല്യമാണ് റിലയന്‍സിന് കണക്കാക്കുന്നത്. 11.8 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് (ടിസിഎസ്) രണ്ടാം സ്ഥാനത്ത്. 9.4 ലക്ഷം കോടി രൂപയുമായി എച്ച്ഡിഎഫ്‌സി ബാങ്ക് മൂന്നാം സ്ഥാനത്തുണ്ട്.
ഹുറുണ്‍ ഇന്ത്യയുടെ 2022 ബര്‍ഗണ്ടി പ്രൈവറ്റ് ഹുറുണ്‍ ഇന്ത്യ 500 പട്ടിക പ്രകാരമാണിത്.
റിലയന്‍സ് ഏറ്റവും മൂല്യമേറിയ കമ്പനിയായെങ്കിലും കഴിഞ്ഞ ആറ് മാസത്തിനിടെ റിലയന്‍സിന്റെ മൂല്യം 5.1 ശതമാനത്തോളം കുറഞ്ഞു. അതായത് 87,731 കോടി രൂപയുടെ മൂല്യമാണ് കുറഞ്ഞത്. അതേസമയം ടിസിഎസ്സിന്റെ മൊത്തം മൂല്യം 0.7 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 12.9 ശതമാനവും വര്‍ധിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മൂല്യത്തില്‍ 5.1 ശതമാനം അല്ലെങ്കില്‍ 87,731 കോടി രൂപയുടെ നാമമാത്രമായ ഇടിവ് നേരിട്ടെങ്കിലും, വെല്ലുവിളി നിറഞ്ഞതായിരുന്നു വിപണിയിലെ സാഹചര്യങ്ങള്‍. പ്രതികൂല സാഹചര്യത്തിലും അതിനെ പ്രതിരോധിക്കാന്‍ റിലയന്‍സിന് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്വകാര്യമേഖലാ സ്ഥാപനമെന്ന നിലയില്‍ ആ സ്ഥാനം നിലനിര്‍ത്താനുള്ള കമ്പനിയുടെ കഴിവിനെയാണ് ഇത് എടുത്തുകാണിക്കുന്നത്.
റിലയന്‍സ് മറ്റൊരു നേട്ടവും കൂടി സ്വന്തമാക്കി. അത് രാജ്യത്തെ ഏറ്റവും വലിയ നികുതിദായകന്‍ എന്ന നേട്ടമാണ്. 16,297 കോടി രൂപയാണ് നികുതിയിനത്തില്‍ റിലയന്‍സ് അടച്ചത്.
1.92 ലക്ഷം കോടി രൂപ മൂല്യമുള്ള അഡാര്‍ പൂനവാലയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനി.
അദാനി ഗ്രൂപ്പിന്റെ എട്ട് കമ്പനികളുടെ മൂല്യം 2023 ഏപ്രില്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ പകുതിയിലേറെയായി കുറഞ്ഞു. അദാനി ടോട്ടല്‍ ഗ്യാസിന് അതിന്റെ മൂല്യത്തിന്റെ 73.8 ശതമാനം നഷ്ടമായി. അദാനി ട്രാന്‍സ്മിഷന്‍ 69.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അദാനി ഗ്രീന്‍ എനര്‍ജി 54.7 ശതമാനം ഇടിഞ്ഞു.
അദാനി ഗ്രൂപ്പിലെ എട്ട് കമ്പനികളുടെ മൊത്തം മൂല്യം 9.5 ലക്ഷം കോടി രൂപയാണ്.
ആഗോള പണപ്പെരുപ്പ സമ്മര്‍ദങ്ങളും, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ ആഘാതവും വലിയ തോതില്‍ ദോഷം ചെയ്തു. ഇന്ത്യയിലെ മുന്‍നിര 500 കമ്പനികളുടെ മൊത്തത്തിലുള്ള മൂല്യം 6.4 ശതമാനം കുറഞ്ഞ് 227 ലക്ഷം കോടി രൂപയില്‍ നിന്ന് 212 ലക്ഷം കോടി രൂപയിലെത്തി.
മുന്‍നിര 10 കമ്പനികളുടെ മൊത്തം മൂല്യം മാറ്റമില്ലാതെ 71.5 ലക്ഷം കോടി രൂപയായി തുടരുന്നു. ഇത് ഇന്ത്യയുടെ ജിഡിപിയുടെ 37 ശതമാനത്തോളം വരുന്നതാണ്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന നാല് യൂണികോണ്‍ സ്ഥാപനങ്ങളായ നൈക്ക, സൊമാറ്റോ, പേടിഎം, പോളിസി ബസാര്‍ എന്നിവയുടെ മൂല്യം ഇടിഞ്ഞു. ഇത് മൊത്തം 7,872 കോടി രൂപ വരും.
2022 ഒക്ടോബര്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് മൂല്യനിര്‍ണയം നടത്തിയത്.