28 Oct 2023 11:05 AM GMT
Summary
- രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 29.7 ശതമാനം വളര്‍ച്ച
- പ്രവര്‍ത്തന ലാഭം ഒരു വര്‍ഷത്തിനിടെ 30 ശതമാനം ഉയര്‍ന്ന് 44,867 കോടി രൂപയായി
- ജിയോ പ്ലാറ്റ്‌ഫോമിന്റെ വരുമാനം 11 ശതമാനം വര്‍ധിച്ച് 31,537 കോടി രൂപയായി
റിലയന്സ് ഇന്‍ഡസ്ട്രീസ് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ക്വാർട്ടറില്‍ തങ്ങളുടെ എല്ലാ ബിസിനസ് മേഖലകളിലും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്.
ഊര്‍ജ്ജം മുതല്‍ ചില്ലറവ്യാപാരം വരെ വൈവിധ്യമാർന്ന ബിസിനസുകളിലേർപ്പെട്ടിരിക്കുന്ന റിലയന്സ് റിപ്പോർട്ടിംഗ് കാലയളവില്‍ 44,867 കോടി രൂപ പ്രവർത്തന ലാഭം നേടി. ഇത് മുന്‍വർഷമിതേ കാലയളവിലേതിനേക്കാള്‍ 30 ശതമാനം കൂടുതലാണ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 29.7 ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്. അറ്റാദായം 19,878 കോടി രൂപയാണ്. എന്നാല്‍ വരുമാനത്തില്‍ നേരിയ വളർച്ചയേ ഉണ്ടായിട്ടുള്ളു. വരുമാനം 1.1 ശതമാനം ഉയര്‍ന്ന് 2.34 ലക്ഷം കോടി രൂപയായി.
കമ്പനിയുടെ എല്ലാ ബിസിനസ് വിഭാഗങ്ങളില്‍ നിന്നും സംഭാവന ലഭിച്ചതാണ് രണ്ടാം പാദത്തില്‍ ലാഭ വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
ഓയില്‍ ആന്‍ഡ് ഗ്യാസ്
റിലയന്‍സിന്റെ ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗമാണ് സെപ്റ്റംബര്‍ പാദത്തില്‍ ലാഭ വളര്‍ച്ച കൈവരിക്കാന്‍ പ്രധാനമായും സഹായിച്ചത്. റിലയന്‍സിന്റെ എണ്ണ-വാതക വിഭാഗത്തിലെ വരുമാനം 71.8 ശതമാനം ഉയര്‍ന്ന് 6,620 കോടി രൂപയിലെത്തി. ഓയില്‍-ടു-കെമിക്കല്‍സ് (ഒ2സി) ബിസിനസ് ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ വരുമാനത്തില്‍ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ടെലികോം
ടെലികോം ബിസിനസില്‍ സെപ്റ്റംബര്‍ പാദത്തില്‍ ജിയോ നെറ്റ് കൂട്ടിച്ചേര്‍ത്തത് 11 ദശലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 459.7 ദശലക്ഷത്തിലെത്തി. ടെലികോം, സ്ട്രീമിംഗ് ബിസിനസ് ഉള്‍പ്പെടെയുള്ള ജിയോ പ്ലാറ്റ്‌ഫോമിന്റെ വരുമാനം 11 ശതമാനം വര്‍ധിച്ച് 31,537 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 28,506 കോടി രൂപയായിരുന്നു. ജിയോ പ്ലാറ്റ്‌ഫോമിന്റെ ലാഭം 12 ശതമാനം വര്‍ധിച്ച് 5,297 കോടി രൂപയുമായി.
റീട്ടെയില്‍
റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗം ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 2,790 കോടി രൂപയാണ്. വരുമാനം 77,148 കോടി രൂപയെന്ന റെക്കോര്‍ഡിലെത്തി. ഫാഷനും, ലൈഫ് സ്റ്റൈലും, ഗ്രോസറി ബിസിനസുകള്‍ വമ്പിച്ച വരുമാനം കൈവരിച്ചു. ഉപഭോക്തൃ ഇലക്ട്രോണിക്‌സും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. 471 പുതിയ സ്റ്റോറുകള്‍ കമ്പനി തുറന്നു. ഇതോടെ സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം സ്റ്റോറുകളുടെ എണ്ണം 18,650 ല്‍ എത്തുകയും ചെയ്തു.
മീഡിയ
റിലയന്‍സ് മീഡിയ വിഭാഗം 29 കോടി രൂപയുടെ നഷ്ടമാണ് സെപ്റ്റംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷത്തേയ്ക്ക് ഐപിഎല്ലിന്റെയും, അഞ്ച് വര്‍ഷത്തേയ്ക്ക് ബിസിസിഐയുടെ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളുടെയും എക്‌സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങള്‍ നേടിയതിലൂടെ റിലയന്‍സിന്റെ വയാകോം 18 അതിന്റെ സ്‌പോര്‍ട്‌സ് പോര്‍ട്ട്‌ഫോളിയോ ശക്തമാക്കിയിട്ടുണ്ട്.
ഒളിമ്പിക്‌സ് 2024, എന്‍ബിഎ, ലാ ലിഗ, ലിഗി 1, സീരീ എ, ഡയമണ്ട് ലീഗ്, മോട്ടോ ജിപി, അള്‍ട്ടിമേറ്റ് ടേബിള്‍ ടെന്നിസ്, ബിഡബ്ല്യുഎഫ് ഇവന്റ്‌സ് തുടങ്ങിയ കായിക ഇനങ്ങളുടെ മീഡിയ അവകാശങ്ങളും വയാകോം 18 സ്വന്തമാക്കിയിട്ടുണ്ട്.
നേട്ടങ്ങള്‍ പ്രതീക്ഷിക്കാം
സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒക്ടോബര്‍ 27ന് പുറത്തുവന്ന രണ്ടാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ച പോലെയാണ്. തിങ്കളാഴ്ച (ഒക്ടോബര്‍ 30) വ്യാപാരദിനത്തില്‍ റിലയന്‍സിന്റെ ഓഹരി വിലയില്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാമെന്നും അവര്‍ പറയുന്നു.
എല്ലാ ബിസിനസ് സെഗ്മെന്റിലും റിലയന്‍സ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ റിലയന്‍സിന്റെ ഓഹരി വാങ്ങാന്‍ നിക്ഷേപകർ താല്‍പ്പര്യം കാണിച്ചേക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. സമീപദിവസം തന്നെ റിലയന്‍സ് ഓഹരി 2,300 മുതല്‍ 2,350 രൂപ വരെ എത്തിയേക്കുമെന്നും അവർ വിലയിരുത്തുന്നു.
വിവിധ മേഖലകളിലുടനീളമുള്ള വലുതും സങ്കീര്‍ണ്ണവുമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള റിലയന്‍സിന്റെ കഴിവ് സമാനതകളില്ലാത്തതാണ്. പദ്ധതി നിര്‍വഹിക്കാനുള്ള ശേഷിക്കൊപ്പം പുതിയ ബിസിനസുകള്‍ സമയബന്ധിതമായി നടപ്പിലാക്കി വരുമാനം കണ്ടെത്താനും റിലയന്‍സിന് പ്രത്യേക കഴിവുണ്ടെന്നു തെളിയിച്ചിട്ടുള്ളതാണ്.
റിന്യുവബിള്‍, ക്ലീന്‍ എനര്‍ജിയിലേക്ക് കമ്പനി ചുവടുവച്ചു കഴിഞ്ഞു. ഫോട്ടോവോള്‍ട്ടെയ്ക് പാനലുകള്‍, ഊര്‍ജ സംഭരണം, ഗ്രീന്‍ ഹൈഡ്രജന്‍, ഫ്യുവല്‍ സെല്‍ സിസ്റ്റം, പവര്‍ ഇലക്ട്രോണിക്‌സ് എന്നിവയ്ക്കായി ഗിഗാ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്. റിലയന്‍സ് ന്യു എനര്‍ജി ലിമിറ്റഡ് വഴി 2030 ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് സൗരോര്‍ജ്ജ ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പെട്രോകെമിക്കല്‍സ് റിലയന്‍സിന്റെ പ്രധാന ബിസിനസുകളിലൊണ്. ഈ വിഭാഗത്തിലെ പ്രധാനിയുമാണ്. കൂടാതെ റീട്ടെയില്‍, ടെലികോം എന്നീ മേഖലയിലും റിലയന്‍സ് ഇന്ന് പ്രധാനിയായി തീര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ കൈവരിച്ച വിജയം റിലയന്‍സിന് ഊര്‍ജ്ജ ബിസിനസിലും ആവര്‍ത്തിക്കാനും സാധിക്കുമെന്നു കരുതുന്നവരാണ് ഏറെ
ബിസിനസ് സഞ്ചരിക്കുന്നത് പുതിയ തലത്തിലേക്ക്
റിലയന്‍സ് ബിസിനസ് പുതിയ തലത്തിലേക്ക് സഞ്ചരിക്കുകയാണ്. സമീപകാലത്ത് പുതിയ മേഖലകളിലേക്ക് റിലയന്‍സ് പ്രവേശിച്ചതും ഇതിനു തെളിവാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ വേര്‍തിരിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതും പുതിയ നീക്കത്തിന്റെ ഭാഗമാണ്.
റീട്ടെയിലോ, ടെലികോമോ, പെട്രോ കെമിക്കല്‍സോ അങ്ങനെ ഏതുമാകട്ടെ, ഏര്‍പ്പെട്ടിരിക്കുന്ന മേഖലകളില്‍ പ്രബലസ്ഥാനം തന്നെയാണ് റിലയന്‍സ് വഹിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നാണ് റിലയന്‍സ് ടെലികോം ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി മാറിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 439.30 ദശലക്ഷം മൊബൈല്‍ വരിക്കാരുള്ള ടെലികോം ഓപ്പറേറ്ററാണിന്ന് റിലയന്‍സിന്റെ ടെലികോം കമ്പനിയായ ജിയോ. റിലയന്‍സ് റീട്ടെയിലും രാജ്യത്തെ മുന്‍നിരക്കാരായി മാറി. അതു കൊണ്ടു തന്നെ റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിലൂടെ (ജെഎഫ്എസ്എല്‍) ഇപ്പോള്‍ ധനകാര്യ സേവനരംഗത്തേയ്ക്കു ചുവടുവയ്ക്കുമ്പോള്‍ എല്ലാ കണ്ണുകളും പതിയുന്നതും ജെഎഫ്എസ്എല്ലിലേക്കാണ്.
ലളിതവും നൂതനവുമായ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക സേവനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിശാലമായ തന്ത്രം.
ടെലികോം, റീട്ടെയില്‍ ബിസിനസ്സിലെ റിലയന്‍സിന്റെ വലിയ ഉപഭോക്തൃ അടിത്തറയെ ജെഎഫ്എസ്എല്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്. റിലയന്‍സ് റീട്ടെയില്‍, ടെലികോം ബിസിനസ്സിന്റെ വലിയ ഉപഭോക്തൃ അടിത്തറ വച്ച് ജെഎഫ്എസ്എല്ലിനു ധനകാര്യ ഉല്‍പ്പന്നങ്ങള്‍ ക്രോസ് സെല്ലിംഗ് ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.
റിലയന്‍സ് പോലുള്ള വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണെന്നത് ജെഎഫ്എസ്എല്ലിന് അനുകൂല ഘടകമാണ്. അതോടൊപ്പം വലിയ മൂലധന അടിത്തറയുള്ളതും ഗുണകരമാണ്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജെഎഫ്എസ്എല്‍ 668 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നു.
ഒക്ടോബർ 27 -ന് റിലയന്‍സ് ഓഹരികള്‍ 2265 .8 രൂപയിലാണ് ക്ലോസ് ചെയ്തത്. തലേ ദിവസത്തേക്കാള്‍ 39 .80 രൂപ കൂടുതലാണിത്. അമ്പത്തിരണ്ട് ആഴ്ചയിലെ ഉയർന്ന വില 2856 രൂപയും കുറഞ്ഞ വില 2180 രൂപയുമാണ്.