19 Jan 2024 10:57 AM GMT
Summary
കേബിള്‍സ് ആന്‍ഡ് വയര്‍ നിര്‍മ്മാതാക്കളായ പോളിക്യാബ് ഇന്ത്യ ലിമിറ്റിന്റെ ഡിസംബര്‍ പാദത്തില്‍ ഏകീകൃത അറ്റാദായം 15.35 ശതമാനം വര്‍ധിച്ച് 416.51 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനി 361.06 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16.83 ശതമാനം ഉയര്‍ന്ന് 4,340.47 കോടി രൂപയായി, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3,715.18 കോടി രൂപയാണ് വര്‍ധിച്ചത്. വരുമാനത്തിലെ വളര്‍ച്ച വയര്‍, കേബിള്‍ ബിസിനസ്സിലെ ശക്തമായ വോളിയം വളര്‍ച്ചയുടെ പിന്‍ബലത്തിലാണെന്ന് പോളിക്യാബ് അറിയിച്ചു. കൂടാതെ, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന മൂന്നാമത്തെ ത്രൈമാസ പിഎടിയായ 416.5 കോടി രൂപ രേഖപ്പെടുത്തി.
ഡിസംബര്‍ പാദത്തില്‍ പോളിക്യാബ് ഇന്ത്യയുടെ മൊത്തം ചെലവ് 18.08 ശതമാനം ഉയര്‍ന്ന് 3,865.06 കോടി രൂപയായി. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ മൊത്തം വരുമാനം അവലോകന പാദത്തില്‍ 17.48 ശതമാനം വര്‍ധിച്ച് 4,411.45 കോടി രൂപയായിരുന്നു. വയര്‍, കേബിള്‍ വിഭാഗത്തില്‍ നിന്നുള്ള പോളിക്യാബ് ഇന്ത്യയുടെ വരുമാനം ഡിസംബര്‍ പാദത്തില്‍ 16.82 ശതമാനം ഉയര്‍ന്ന് 3,904.10 കോടി രൂപയായി.
എന്നിരുന്നാലും, ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക് ഗുഡ്സില്‍ (എഫ്എംഇജി) നിന്നുള്ള വരുമാനം 13.4 ശതമാനം കുറഞ്ഞ് 296.17 കോടി രൂപയായി. ഉപഭോക്തൃ ഡിമാന്‍ഡിലെ തുടര്‍ച്ചയായ ബലഹീനതയാണ് വളര്‍ച്ചാനിരക്ക് കുറയുന്നതിന് കാരണമായതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) ബിസിനസ്സ് ഉള്‍പ്പെടുന്ന അതിന്റെ മറ്റ് വിഭാഗം ഏതാണ്ട് ഇരട്ടി വര്‍ധിച്ച് 247.50 കോടി രൂപയായി.
ആദായനികുതി അധികൃതര്‍ കഴിഞ്ഞ മാസം കമ്പനിയുടെ ഏതാനും പ്ലാന്റുകളിലും കമ്പനിയിലെ ഏതാനും ജീവനക്കാരുടെ വസതികളിലും പരിശോധന നടത്തിയതായി പോളിക്യാബ് ഇന്ത്യ പറഞ്ഞു. അന്വേഷണത്തില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സഹകരണം നല്‍കുകയും ആവശ്യമായ വിശദാംശങ്ങളും വ്യക്തതകളും രേഖകളും നല്‍കുകയും ചെയ്തു.