image

22 May 2024 7:41 AM GMT

Company Results

നാലാം പാദത്തിൽ പേടിഎമ്മിന് 550 കോടിയുടെ നഷ്ടം; വരുമാനം 2.9% ഇടിഞ്ഞു

MyFin Desk

550 crore loss for paytm in the fourth quarter
X

Summary

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.9 ശതമാനം ഇടിഞ്ഞ് 2,267 കോടി രൂപയിലെത്തി
  • ചെലവ് 16 ശതമാനം കുറഞ്ഞ് 2,691 കോടി രൂപയായി
  • കമ്പനിയുടെ പേയ്‌മെൻ്റ് വരുമാനം 7 ശതമാനം വർധിച്ച് 1,568 കോടി രൂപയായി


പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് 24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ അസോസിയേറ്റ് സ്ഥാപനമായ പേടിഎം പേയ്‌മെൻ്റ് ബാങ്കിന് (പിപിബിഎൽ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഏർപ്പെടുത്തിയ നിരോധനമാന് കമ്പനിയുടെ നഷ്ടത്തിനുള്ള പ്രധാന കാരണം.

മാർച്ചിൽ അവസാനിച്ച പാദത്തിൽ 550 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന പാദത്തിലെ 168 കോടി രൂപയിൽ നിന്നും 3.2 ഇരട്ടി ഇടിവാണ് അറ്റാദായത്തിലുണ്ടായത്.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,334 കോടി രൂപയിൽ നിന്ന് 2.9 ശതമാനം ഇടിഞ്ഞ് 2,267 കോടി രൂപയിലെത്തി. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനത്തിൽ 20 ശതമാനം കുറവുണ്ടായി.

നാലാം പാദത്തിൽ മാർക്കറ്റിംഗ് ചെലവ് കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു. മുൻ വർഷത്തെ സമാന പാദത്തിൽ നിന്നും ചെലവ് 16 ശതമാനം കുറഞ്ഞ് 2,691 കോടി രൂപയായി.

2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 25 ശതമാനം ഉയർന്നതോടെ 9,978 കോടി രൂപയിലെത്തി. ഈ കാലയളവിലെ നഷ്ടം മുൻ വർഷത്തേക്കാളും 9 ശതമാനം ഇടിഞ്ഞ് 1,442 കോടി രൂപയായി.

റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിൻ്റെ ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 ജനുവരി 31-ന് സെൻട്രൽ ബാങ്ക്, മാർച്ച് 15 മുതൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

പേയ്മെൻ്റ് ബിസിനസ്സ്

2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കമ്പനിയുടെ പേയ്‌മെൻ്റ് വരുമാനം 7 ശതമാനം വർധിച്ച് 1,568 കോടി രൂപയായി, എന്നാൽ മൊത്ത വ്യാപാര മൂല്യവും (GMV) സബ്‌സ്‌ക്രിപ്‌ഷൻ വരുമാനവും ബാധിച്ചതിനാൽ മുൻ പാദത്തെക്കാളും 9 ശതമാനം ഇടിഞ്ഞു.

2024 സാമ്പത്തിക വർഷത്തിലെ വരുമാനം 25 ശതമാനം വർധനയോടെ 6,235 കോടി രൂപയിലെത്തി. മാർച്ചിലെ കണക്കനുസരിച്ച് 1.07 കോടി വ്യാപാരികൾ പേയ്മെൻ്റ് ഉപകരണങ്ങൾക്കായി സബ്‌സ്‌ക്രിപ്‌ഷൻ തുക അടയ്ക്കുന്നുണ്ട്. ഈ കാലയളവിൽ 39 ലക്ഷത്തിൻ്റെ വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയത്.

നാലാം പാദത്തിൽ അറ്റ പേയ്‌മെൻ്റ് മാർജിൻ 24 ശതമാനം ഉയർന്ന് 853 കോടി രൂപയിലെത്തി. സമാന കാലയളവിൽ മൊത്ത വ്യാപാര മൂല്യം 30 ശതമാനം വർധിച്ച് 4.7 ലക്ഷം കോടി രൂപയായി.

ലെൻഡിംഗ് ബിസിനസ്സ്

മാർച്ച് പാദത്തിൽ കമ്പനിയുടെ ലെൻഡിംഗ് ബിസിനസ്സ് വലിയ തിരിച്ചടി നേരിട്ടു, പ്രവർത്തനപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ വായ്പകൾ താൽക്കാലികമായി നിർത്തി.

സുരക്ഷിതമല്ലാത്ത ഉപഭോക്തൃ വായ്പയിലെ മാന്ദ്യത്തിൻ്റെ ആഘാതം സ്ഥാപനം മനസിലാക്കിയതിനെ തുടർന്ന് രണ്ട് മാസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്, ഇത് കമ്പനിയുടെ ഡിസംബർ പാദഫലങ്ങളെ ബാധിച്ചു.

കുറഞ്ഞ വായ്പ വിതരണം കാരണം 2024 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക സേവനങ്ങളിൽ നിന്നുമുള്ള വരുമാനം 36 ശതമാനം കുറഞ്ഞ് 304 കോടി രൂപയായി. വിതരണം ചെയ്ത വായ്പകളുടെ മൂല്യം ഡിസംബർ പാദത്തിലെ 15535 കോടി രൂപയിൽ നിന്ന് 5,799 കോടി രൂപയായി കുറഞ്ഞു.

മൊത്തം വിതരണത്തിൽ, വ്യാപാരി വായ്പകൾ 1671 കോടി രൂപയും (വർഷത്തിൽ 28 ശതമാനം കുറവ്) വ്യക്തിഗത വായ്പകൾ 3408 കോടി രൂപയുടേതുമാണ്. രണ്ട് ഉൽപ്പന്നങ്ങളുടെയും ശരാശരി ടിക്കറ്റ് വലുപ്പവും വർദ്ധിച്ചു.

നിലവിൽ പേടിഎം ഓഹരികൾ എൻഎസ്ഇ യിൽ 0.68 ശതമാനം താഴ്ന്ന് 349.30 രൂപയിൽ വ്യാപാരം തുടരുന്നു.