20 Jan 2024 7:22 AM
Summary
- വരുമാനം 38 ശതമാനം ഉയർന്നു
- നഷ്ടം 23 ശതമാനം കുറഞ്ഞു
- 15,535 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു
ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റഫോമായ പേടിഎം 2023-24 സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുയുടെ വരുമാനം 38 ശതമാനം ഉയർന്ന് 2,850.5 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 2,062.2 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റ നഷ്ടം മൂന്നാം പാദത്തിൽ 221 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 392 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അതായത് നഷ്ടം 23 ശതമാനം കുറഞ്ഞു. 2021 നവംബറിൽ വിപണിയിലെത്തിയ കമ്പനി ഇതുവരെ അറ്റാദായം രേഖപ്പെടുത്തിയിട്ടില്ല. പേടിഎം എല്ലാ പാദത്തിലും വരുമാനത്തിൽ 13 ശതമാനം വർധന രേഖപെടുത്താറുണ്ട്.
പേയ്‌മെന്റ് ബിസിനസിൽ നിന്ന് 1,730 കോടി രൂപയുടെ വരുമാനം നേടിയതായി കമ്പനി അറിയിച്ചു., ഇത് മുൻ വർഷത്തേക്കാളും 45 ശതമാനം ഉയർന്നതാണ്. മൊത്ത വ്യാപാര മൂല്യത്തിലുണ്ടായ (ജിഎംവി) വർദ്ധനയും ഉയർന്ന സബ്‌സ്‌ക്രിപ്ഷൻ വരുമാനവുമാണ് വളർച്ചയുടെ കാരണമായി കമ്പനി പറയുന്നത്. അറ്റ പേയ്‌മെന്റ് മാർജിൻ 63 ശതമാനം വർധിച്ച് 748 കോടി രൂപയായി.
മൂന്നാം പാദത്തിൽ പേടിഎം 15,535 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്, ഇത് മുൻ പാദത്തിൽ 16,211 കോടി രൂപയായിരുന്നു.
നിലവിൽ പേടിഎം ഓഹരികൾ എൻഎസ്ഇ യിൽ 1.60 ശതമാനം ഉയർന്ന 785.95 രൂപയിൽ വ്യാപാരം തുടരുന്നു.