23 Jan 2024 7:56 AM GMT
Summary
- രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
- എബിറ്റ്ഡ 46 ശതമാനം ഇടിഞ്ഞ് 509.3 കോടി രൂപയിലെത്തി
- പ്രവർത്തന വരുമാനം 35.3 % കുറഞ്ഞു
ഒക്റ്റോബര്‍- ഡിസംബര്‍ പാദത്തില്‍ 360.15 കോടി രൂപയുടെ ലാഭമാണ് ഒബ്‌റോയ് റിയൽറ്റി ലിമിറ്റഡ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന പാദത്തിലെ 702.57 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 48.7 ശതമാനം ഇടിവാണിത്. പ്രവർത്തന വരുമാനം ഇക്കാലയളവില്‍ 1629.46 കോടിയിൽ നിന്ന് 35.3 ശതമാനം കുറഞ്ഞ് 1053.64 കോടി രൂപയായി.
കമ്പനിയുടെ എബിറ്റ്ഡ 46 ശതമാനം ഇടിഞ്ഞ് 509.3 കോടി രൂപയിലെത്തി. അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1082.85 കോടി രൂപയാണ്. 605.71 കോടി രൂപയുടെ മൊത്തം ചെലവിടല്‍ ഈ പാദത്തില്‍ ഒബ്‌റോയ് റിയൽറ്റി രേഖപ്പെടുത്തി.
നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള രണ്ടാമത്തെ ലാഭവിഹിതവും കമ്പനിയുടെ ബോര്‍ഡ് പ്രഖ്യാപിച്ചു. ഒരു ഇക്വിറ്റി ഓഹരിക്ക് 2 രൂപയാണ് ലാഭവിഹിതമായി നല്‍കുന്നത്, അതായത് മുഖവിലയുടെ 20 ശതമാനം. ഈ ലാഭവിഹിതത്തിന്‍റെ റെക്കോർഡ് തീയതിയായി ഫെബ്രുവരി 2 ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 13 മുതലാണ് ഡിവിഡന്‍റ് വിതരണം നടക്കുക.
ജനുവരി 19-ന് ഗോരെഗാവിലെ ഒബ്‌റോയ് ഗാർഡൻ സിറ്റിയിൽ ഒരു പുതിയ ടവർ കൂടി കമ്പനി ആരംഭിച്ചു. 2.20 ലക്ഷം ചതുരശ്ര അടി കാർപെറ്റ് ഏരിയയുടം ഈ ടവറിന്‍റെ മൊത്തം ബുക്കിംഗ് മൂല്യം 882 കോടി രൂപയായാണ് കണക്കാക്കുന്നത്. അവലോകന പാദത്തില്‍ ഡെല്‍ഹി രാജ്യ തലസ്ഥാന മേഖലയില്‍ 14.8 ഏക്കര്‍ ഭൂമി കൂടി വിപുലീകരണ പദ്ധതികള്‍ക്കായി കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.