14 Feb 2024 12:11 PM GMT
Summary
- വരുമാനം 38 ശതമാനം ഉയർന്നു
- നികുതിക്ക് മുമ്പുള്ള ലാഭം 19 ശതമാനം വളർച്ച രേഖപ്പെടുത്തി
- എയുഎം 2.4 ലക്ഷം കോടി രൂപയായി ഉയർന്നു
നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് നുവാമ വെൽത്ത് മാനേജ്‌മെൻ്റ്. ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 178 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലിത് 90 കോടി രൂപയായിരുന്നു.
ഈ കാലയളവിലെ കമ്പനിയുടെ വരുമാനം 38 ശതമാനം ഉയർന്ന് 558 കോടി രൂപയായി. സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഉയർന്ന് 1,467 കോടി രൂപയിലെത്തി. കമ്പനിയുടെ ചെലവ് കഴിഞ്ഞ വർഷത്തെ 270 കോടിയിൽ നിന്ന് 21 ശതമാനം ഉയർന്ന് 328 കോടി രൂപയായി.
കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡുമായുള്ള തുല്യ പങ്കാളിത്തത്തിലൂടെ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (എഐഎഫ്) ആരംഭിക്കുന്നതിനു സെബിയുടെ അനുമതി ലഭിച്ചതായി നുവാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ആശിഷ് കെഹെയർ പറഞ്ഞു.
"കഴിഞ്ഞ മാസമാണ് കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡുമായുള്ള 3,000 കോടി രൂപ റിയൽറ്റി ഫണ്ട് ഞങ്ങൾ പ്രഖ്യാപിച്ചത്. ഇതിനു 3-4 ദിവസം മുമ്പ് ഞങ്ങൾക്ക് സെബിയുടെ അംഗീകാരം ലഭിച്ചു. റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുന്നതോടെ, നിക്ഷേപകരെ ആകർഷിക്കുന്നതിനായി ഞങ്ങൾ റോഡ് ഷോകൾ ഉടൻ ആരംഭിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ വെൽത്ത് മാനേജ്‌മെൻ്റ് വരുമാനം 18 ശതമാനം ഉയർന്ന് 305 കോടി രൂപയായി, മൂന്നാം പാദത്തിൽ നികുതിക്ക് മുമ്പുള്ള ലാഭം 19 ശതമാനം വളർച്ച രേഖപ്പെടുത്തി 111 കോടി രൂപയായി. വെൽത്ത് മാനേജ്‌മെൻ്റ് വിഭാഗത്തിൽ 40,000 ഉപഭോക്താക്കളെ പുതിയതായി ചേർത്തു, ഇതോടെ മൊത്തത്തിലുള്ള ക്ലയൻ്റ് ബേസ് 11.35 ലക്ഷമായി ഉയർന്നു.
2023 ഡിസംബർ വരെയുള്ള കമ്പനിയുടെ അസറ്റ് അണ്ടർ മാനേജ്‌മെൻ്റ് (എയുഎം) 8,000 കോടി രൂപ വർധിച്ച് 73,855 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തത്തിലുള്ള എയുഎം മുൻ വർഷത്തെ 1.8 ലക്ഷം കോടി രൂപയിൽ നിന്ന് 2.4 ലക്ഷം കോടി രൂപയായി ഉയർന്നു.