24 Jan 2023 10:22 AM IST
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദായം 62 ശതമാനം വര്‍ധിച്ച് 5,853 കോടി രൂപയായി. അറ്റ പലിശ വരുമാനത്തിലെ വര്‍ധനവും. കിട്ടാക്കടം കുറഞ്ഞതും ഈ പാദത്തില്‍ ബാങ്കിന്റെ മുന്നേറ്റത്തിന് കാരണമായി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 3,614 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 21,101 കോടി രൂപയില്‍ നിന്ന് 26,892 കോടി രൂപയായി. അറ്റ പലിശ വരുമാനം 32 ശതമാനം വര്‍ധിച്ച് 11,459 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 4.26 ശതമാനമായി.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനം ഉയര്‍ന്ന് 9,277 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി, മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 3.17 ശതമാനത്തില്‍ നിന്ന് 2.38 ശതമാനമായി.
അറ്റ നിഷ്‌ക്രിയ ആസ്തി 0.91 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായി. കിട്ടാക്കടം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്കായി മാറ്റി വച്ച തുക 1,334.84 കോടി രൂപയില്‍ നിന്ന് 1,437.73 കോടി രൂപയായി വര്‍ധിച്ചു.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 17.60 ശതമാനമായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇത് 17.44 ശതമാനമായിരുന്നു. 2022 മാര്‍ച്ച് മാസത്തില്‍ ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസിനെ 1.6 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു.