image

27 July 2023 2:51 PM IST

Company Results

37% അറ്റാദായ വളര്‍ച്ചയുമായി നെസ്‍ലേ

Sandeep P S

nestlé with 37% net profit growth
X

Summary

  • വില്‍പ്പനയില്‍ ഇ -കൊമേഴ്സ് വിഭാഗത്തിന്‍റെ സംഭാവന 6.5 %
  • എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും ഇരട്ടയക്ക വളര്‍ച്ച
  • മെറ്റീരിയലിനായുള്ള ചെലവിടല്‍ മുന്‍പാദത്തില്‍ നിന്ന് 9% ഇടിഞ്ഞു


ജൂണിൽ അവസാനിച്ച പാദത്തിൽ പ്രമുഖ എഫ്എംസിജി കമ്പനി നെസ്‌ലെ ഇന്ത്യ നേടിയത് 698.34 കോടി രൂപയുടെ അറ്റാദായം. ഇത് മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 510.24 കോടി രൂപയെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനയാണിത്. ഏപ്രില്‍- ജൂണ്‍ കാലയളവിലെ മൊത്തം വിൽപ്പന 15 ശതമാനം വാര്‍ഷിക വര്‍ധനയോടെ 4,619.5 രൂപയില്‍ എത്തി. അവലോകന കാലയളവിൽ ആഭ്യന്തര വിൽപ്പന 14.6 ശതമാനം വർദ്ധിച്ചു.

അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം വിൽപ്പനയുടെ 20.7 ശതമാനം ആയിരുന്നുവെന്നും കമ്പനി എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി-ഡിസംബർ സാമ്പത്തിക വർഷത്തെ പിന്തുടരുന്ന നെസ്‌ലെയെ സംബന്ധിച്ചിടത്തോളം രണ്ടാം പാദമാണ് കടന്നുപോയത്. രണ്ടാം പാദത്തിലെ വില്‍പ്പനയില്‍ ഇ -കൊമേഴ്സ് വിഭാഗം 6.5 ശതമാനം സംഭാവന നല്‍കിയിട്ടുണ്ട്. സുസ്ഥിരമായ വളര്‍ച്ച ഈ വിഭാഗം പ്രകടമാക്കുന്നതായും നെസ്‍ലേ ഇന്ത്യ വ്യക്തമാക്കുന്നു.

എല്ലാ വിഭാഗങ്ങളിലും ഇരട്ടയക്ക വളര്‍ച്ച

സ്റ്റോർ വിപുലീകരണവും മെച്ചപ്പെട്ട ഉപഭോഗ താല്‍പ്പര്യവും കാരണം എല്ലാ വിഭാഗങ്ങളിലും വിശാലമായ അടിസ്ഥാനത്തിലുള്ള വളർച്ച പ്രദാനം ചെയ്യുന്നത് ഓര്‍ഗനൈസ്‍ഡ് ട്രേഡ് ചാനല്‍ തുടർന്നു. ഔട്ട്-ഓഫ്-ഹോം (OOH) വിഭാഗം പ്രീമിയമൈസേഷൻ, പോർട്ട്ഫോളിയോ പരിവര്‍ത്തനത്തിനായുള്ള നീക്കങ്ങള്‍ എന്നിവയിലൂടെ ശക്തമായ വളർച്ച തുടർന്നുവെന്നും കമ്പനി ഫയലിംഗ് പറഞ്ഞു. നെസ്‍കഫെ, സൺറൈസ്, പോളോ , കിറ്റ്കാറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിച്ചതിലൂടെ കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി.

എല്ലാ ഉൽപ്പന്ന ഗ്രൂപ്പുകളിലും ഇരട്ട അക്ക വളർച്ച നേടുന്ന തുടർച്ചയായ അഞ്ചാം പാദമാണിതെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ ആയ സുരേഷ് നാരായണൻ ചൂണ്ടിക്കാട്ടി. ജൂൺ പാദത്തിൽ കമ്പനിയുടെ ചെലവ് 11% വർധിച്ച് 3,369.81 കോടി രൂപയിൽ നിന്ന് 3,743.15 കോടി രൂപയായി. അസംസ്കൃത വസ്തുക്കള്‍ക്കായുള്ള ചെലവ് മുൻവർഷം സമാന പാദത്തിലെ 1,847.42 കോടിയിൽ നിന്ന് 1,977.46 കോടി രൂപയായി വര്‍ധിച്ചു. എന്നിരുന്നാലും, മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ മെറ്റീരിയലിനായുള്ള ചെലവിടല്‍ 9% ഇടിവ് രേഖപ്പെടുത്തി.

റിസള്‍ട്ട് പ്രഖ്യാപന ദിവസമായ ഇന്ന് ഇടിവിലാണ് നെസ്‍ലേ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് 2.48നുള്ള നില അനുസരിച്ച് 2.26 ശതമാനം ഇടിവോടെ 22,288.65 രൂപയിലാണ് കമ്പനിയുടെ ഓഹരികളുടെ വ്യാപാരം നടക്കുന്നത്.