3 May 2024 12:36 PM GMT
Summary
- പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 8.6 ശതമാനം ഉയർന്ന് 6,215.1 കോടി രൂപയായി
- എബിറ്റ്ഡ അഞ്ചു ശതമാനം വർധിച്ച് 885.7 കോടി രൂപയായി
- ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരിയാണിത്
മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തു വിട്ട് എംആർഎഫ്. നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 7.6 ശതമാനം താഴ്ന്ന് 379.6 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 410.7 കോടി രൂപയായിരുന്നു. ഈ കലയാളിവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ടയർ നിർമ്മാതാക്കളുടെ വരുമാനം മുൻ വർഷത്തെ 5,725.4 കോടി രൂപയിൽ നിന്ന് 8.6 ശതമാനം ഉയർന്ന് 6,215.1 കോടി രൂപയായി.
മാർച്ച് പാദത്തിലെ എബിറ്റ്ഡ (EBITDA) അഞ്ചു ശതമാനം വർധിച്ച് 843.1 കോടിയിൽ നിന്ന് 885.7 കോടി രൂപയായി. ഈ കാലയളവിലെ എബിറ്റഡ മാർജിൻ 14.7 ശതമാനത്തിൽ നിന്ന് 14.3 ശതമാനമായി കുറഞ്ഞു.
ഇതേ കാലയളവിലെ കമ്പനിയുടെ സംയോജിത അറ്റാദായം 16 ശതമാനം ഉയർന്ന് 396.11 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, മുൻ വർഷമിത് 340.65 കോടി രൂപയായിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള സംയോജിത വരുമാനം 8.38 ശതമാനം വർധിച്ച് 5,841.72 കോടി രൂപയിൽ നിന്ന് 6,349.36 കോടി രൂപയായി.
2024 സാമ്പത്തിക വർഷത്തിൽ എംആർഎഫിൻ്റെ അറ്റാദായം 2,081.23 കോടി രൂപയായി ഉയർന്നു. മുൻ വർഷമിത് 768.94 കോടി രൂപയായിരുന്നു. സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.39 ശതമാനം വർധിച്ച് 25,169.21 കോടി രൂപയായി. മുൻ വർഷമിത് 23,008.50 കോടി രൂപയായിരുന്നു.
എംആർഎഫിൻ്റെ ഡയറക്ടർ ബോർഡ് ഓഹരിയൊന്നിന് 194 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഓഹരിയൊന്നിന് മൂന്നു രൂപ വീതം രണ്ട് ഇടക്കാല ലാഭവിഹിതം കമ്പനി നൽകിയിട്ടുണ്ട്.
2024 ഫെബ്രുവരി 23-ന് എംആർഎഫ് ഓഹരികൾ 151,283.40 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ എത്തി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള ഓഹരിയാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ എംആർഎഫ് ഓഹരി വില ഒൻപത് ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എംആർഎഫ് ഓഹരികൾ 37 ശതമാനത്തിലധികം നേട്ടമുണ്ടാക്കി, മൂന്ന് വർഷത്തിനുള്ളിൽ 60 ശതമാനത്തിലധികം ഉയർന്നു.
എംആർഎഫ് ഓഹരികൾ എൻഎസ്ഇ യിൽ 4.08 ശതമാനം താഴ്ന്ന് 1,28,400 രൂപയിൽ ക്ലോസ് ചെയ്തു.