8 Aug 2023 3:07 PM IST
Summary
- ഏകീകൃത ലാഭം നേടുന്ന ആദ്യ ഫിൻടെക് എന്ന് ഉപാസന ടാക്കു
- വരുമാനത്തില്‍ 68% വളര്‍ച്ച
യൂണികോൺ ഫിൻടെക് സ്ഥാപനമായ മൊബിക്വിക്ക് തങ്ങളുടെ ആദ്യത്തെ ഏകീകൃത ലാഭം റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 3 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊബിക്വിക്ക് ഏകീകൃത ലാഭം നേടുന്ന രാജ്യത്തെ ആദ്യ ഫിൻടെക് സ്ഥാപനമായി മാറിയെന്നും വർഷം മുഴുവനും ഈ മുന്നേറ്റം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മൊബിക്വിക് സഹസ്ഥാപകയും സിഒഒയുമായ ഉപാസന ടാക്കു പറഞ്ഞു,
ആദ്യ പാദത്തില്‍ കമ്പനിയുടെ ക്രമീകരിച്ച എബിറ്റ്ഡ 13.6 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 181 ശതമാനം വർധനയാണിത്. രാജ്യത്തെ നിക്ഷേപ അന്തരീക്ഷത്തിനും നിക്ഷേപകരുടെ വികാരത്തിനും തങ്ങളുടെ വളര്‍ച്ച പ്രചോദനമായി മാറുമെന്നും ഉപാസന ടാക്കു പറഞ്ഞു. വരുമാനം അവലോകന പാദത്തിൽ 177 കോടി രൂപയായി വളർന്നു, ഇത് 68 ശതമാനം വര്‍ധനയാണ്, കോണ്‍ട്രിബ്യൂഷന്‍ മാർജിൻ 108 ശതമാനം ഉയർന്ന് 73.9 കോടി രൂപയായി,” ടാക്കു പറഞ്ഞു.
2023 മാർച്ച് പാദത്തിൽ, മൊബിക്വിക്ക് 160 കോടി രൂപ വരുമാനവും 3 കോടി രൂപ ക്രമീകരിച്ച എബിറ്റ്ഡ രേഖപ്പെടുത്തുകയും ചെയ്തു. പീക്ക് XV പിന്തുണയ്ക്കുന്ന മൊബിക്വിക്ക് 2022-23ല്‍ മൊത്തമായി 560 കോടി രൂപയുടെ വരുമാനമാണ് നേടിയത്.
"2022-23 സാമ്പത്തിക വർഷത്തിൽ, കഴിഞ്ഞ വർഷം മൊബിക്വിക്കിനായി ഞങ്ങൾ നിശ്ചയിച്ച എല്ലാ പ്രധാന ലക്ഷ്യങ്ങളും കൈവരിച്ചു. 2023 -24ന്റെ ആദ്യ പാദം ഒരു നല്ല തുടക്കമാണ്. എല്ലാ പ്രധാന അളവുകോലുകളിലും ഞങ്ങളുടെ സംഖ്യകൾ പോസിറ്റീവ് ആണ് .ഈ സാമ്പത്തിക വർഷം 80 ശതമാനത്തിലധികം വരുമാന വളർച്ച നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ടാക്കു പറഞ്ഞു.