image

27 April 2024 9:04 AM GMT

Company Results

ചരിത്രമെഴുതി മാരുതി: 2 ദശലക്ഷം യൂണിറ്റ് വിൽപ്പന, അറ്റാദായം 3,878 കോടി, 125 രൂപ ലാഭവിഹിതം

MyFin Desk

ചരിത്രമെഴുതി മാരുതി: 2 ദശലക്ഷം യൂണിറ്റ് വിൽപ്പന, അറ്റാദായം 3,878 കോടി, 125 രൂപ ലാഭവിഹിതം
X

Summary

  • 2024 സാമ്പത്തിക വർഷത്തിൽ 2 ദശലക്ഷം യൂണിറ്റുകളുടെ വാർഷിക മൊത്തം വിൽപ്പന മറികടന്നു
  • സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ അറ്റാദായം 64 ശതമാനം വർധിച്ച് 3,209 കോടി രൂപയിലെത്തി
  • നാലാം പാദത്തിൽ 584,031 യൂണിറ്റുകളുടെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്


2024 സാമ്പത്തിക വർഷത്തെ നാലാം പാദ ഫലങ്ങൾ പുറത്തു വിട്ട് മാരുതി സുസുകി. കമ്പനിയുടെ അറ്റാദായം 48 ശതമാനം ഉയർന്ന് 3,878 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 2,624 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവിന്റെ നാലാം പാദത്തിലെ വരുമാനം 38,235 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനി എക്കാലത്തെയും ഉയർന്ന ലാഭവിഹിതവും പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 125 രൂപയുടെ ലാഭവിഹിതം.

ഒമ്പത് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ എസ്റ്റിമേറ്റുകളെ മറികടന്നായിരുന്നു കമ്പനിയുടെ പാദഫലങ്ങൾ പുറത്തു വന്നത്. എസ്റ്റിമേറ്റ് പ്രകാരം നാലാം പാദത്തിൽ 38,772 കോടി രൂപ വരുമാനവും 3,916 കോടി രൂപയുടെ അറ്റാദായവുമാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പ്രവചിച്ചത്.

ബലേനോ, സ്വിഫ്റ്റ്, ജിംനി, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപുലമായ പോർട്ട്‌ഫോളിയുള്ള സ്ഥാപനം വിൽപ്പനയിലും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 514,927 യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്തിയ കമ്പനി നാലാം പാദത്തിൽ 584,031 യൂണിറ്റുകളുടെ വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. 13 ശതമാനം വർദ്ധന.

2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ അറ്റാദായം 64 ശതമാനം വർധിച്ച് 3,209 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇത് 8,049 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 2023 സാമ്പത്തിക വർഷത്തിലെ 117,523 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഏകദേശം 20 ശതമാനം ഉയർന്ന് 140,933 കോടി രൂപയായി.

“ 2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ മൊത്തം വിൽപ്പന 2 ദശലക്ഷം യൂണിറ്റ് മറികടന്നു. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണിത്. ഇന്ത്യയിൽ നിന്നുള്ള യാത്ര വാഹനങ്ങളുടെ മൊത്തം കയറ്റുമതിയിൽ 41.8 ശതമാനം സംഭാവന ചെയുന്നത് കമ്പനിയാണ്. തുടർച്ചയായ മൂന്നാം വർഷവും മികച്ച കയറ്റുമതിയാണ് കമ്പനി രേഖപ്പെടുത്തിയത്,” മാരുതി സുസുക്കി പറഞ്ഞു.

കമ്പനിയുടെ ആഭ്യന്തര വോളിയം 505,291 യൂണിറ്റുകളാണ്, ഇത് മുൻ വർഷത്തേക്കാളും 12 ശതമാനം ഉയർന്നു. കയറ്റുമതി 22 ശതമാനം ഉയർന്ന് 78,740 യൂണിറ്റായി. 2030-ഓടെ കയുറ്റുമതി 800,000 യൂണിറ്റുകൾ മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുത്ത്. ഇതിന് മുന്നോടിയായി 2025 സാമ്പത്തിക വർഷത്തിൽ വിദേശ കയറ്റുമതി 300,000 യൂണിറ്റ് കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് മാരുതി സുസുക്കി.

മാരുതി സുസുക്കി അടുത്തിടെ ഹരിയാനയിലെ മനേസർ പ്ലാൻ്റിൽ നിർമ്മാണ ശേഷി പ്രതിവർഷം 100,000 യൂണിറ്റുകളുടെ അധിക വിപുലീകരണം നടത്തി. ഇതോടെ യൂണിറ്റിൻ്റെ മൊത്തം ശേഷി പ്രതിവർഷം 900,000 വാഹനങ്ങളിലെത്തി.

ന്യൂഡൽഹി ആസ്ഥാനമായുള്ള കമ്പനി 2024 സാമ്പത്തിക വർഷത്തിൽ 2 ദശലക്ഷം യൂണിറ്റുകളുടെ വാർഷിക മൊത്ത വിൽപ്പന ഇതിനകം മറികടന്നതായി വെളിപ്പെടുത്തി. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള മൊത്തം പാസഞ്ചർ വാഹന കയറ്റുമതിയുടെ 41.8 ശതമാനം സംഭാവന നൽകിക്കൊണ്ട്, തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും മികച്ച കയറ്റുമതിക്കാരായി തുടരുന്നു.

ഏപ്രിൽ 26 ന്, ബിഎസ്ഇയിലെ മാരുതി സുസുക്കിയുടെ ഓഹരികൾ 1.26 ശതമാനം ഇടിഞ്ഞ് 12,760 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ജനുവരിയിൽ മാരുതി സുസുക്കി എല്ലാ മോഡലുകളുടെയും വില 0.45 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഏപ്രിൽ 10 ന്, സ്വിഫ്റ്റിൻ്റെയും ഗ്രാൻഡ് വിറ്റാര സിഗ്മയുടെ തിരഞ്ഞെടുത്ത വേരിയൻ്റുകളുടെയും വില 25,000 രൂപ വരെ വർദ്ധിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ വർദ്ധനവ് ഉണ്ടായി.