image

16 May 2024 12:10 PM GMT

Company Results

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അറ്റാദായം 32% ഉയർന്നു; 21.10 രൂപ ലാഭവിഹിതം

MyFin Desk

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അറ്റാദായം 32% ഉയർന്നു; 21.10 രൂപ ലാഭവിഹിതം
X

Summary

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം ഉയർന്നു
  • കഴിഞ്ഞ വർഷത്തേക്കാൾ 27.2% കൂടുതൽ എസ്‌യുവികൾ വിറ്റു
  • ലാഭവിഹിതത്തിൻ്റെ റെക്കോർഡ് തീയതി ജൂലൈ 5


പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ (എം ആൻഡ് എം) നാലാം പാദത്തിലെ അറ്റാദായം 32 ശതമാനം ഉയർന്ന് 2,038 കോടി രൂപയിലെത്തിയാതായി റീപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,549 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

മാർച്ച് പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം ഉയർന്ന് 25,109 കോടി രൂപയായി. മുൻ വർഷം ഇത് 22,571 കോടി രൂപയായിരുന്നു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) മുൻ വർഷത്തെ 2,789 കോടി രൂപയിൽ നിന്ന് 12 ശതമാനം ഉയർന്ന് 3,119 കോടി രൂപയിലെത്തി. എബിറ്റ്ഡ മാർജിൻ 12.4 ശതമാനമായി തുടർന്നു.

2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ എം ആൻഡ് എമ്മിൻ്റെ ഓട്ടോമൊബൈൽ വിഭാഗത്തിലെ വില്പന 14 ശതമാനം വർധിച്ച് 2,15,280 യൂണിറ്റിലെത്തി. കമ്പനിയുടെ കാർഷിക ഉപകരണ വിഭാഗം ഇതേ കാലയളവിൽ 71,039 യൂണിറ്റ് ട്രാക്ടറുകൾ വിറ്റു. മുൻ വർഷത്തേക്കാളും 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തേക്കാൾ 27.2 ശതമാനം കൂടുതൽ എസ്‌യുവികൾ മഹീന്ദ്ര ഈ പാദത്തിൽ വിറ്റു. കമ്പനിയുടെ മൊത്തം ബിസിനസിന്റെ മൂന്നിൽ രണ്ട് ഭാഗവും സംഭാവന ചെയുന്നത് ഓട്ടോമോട്ടീവ് വില്പനയാണ്. കൂടാതെ വാണിജ്യ വാഹനങ്ങളുടെയും സ്കോർപിയോ, ഥാർ തുടങ്ങിയ എസ്‌യുവികളുടെയും വിൽപ്പനയും ഇതിൽ ഉൾപ്പെടുന്നു.

അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 21.10 രൂപയുടെ ലാഭവിഹിതം ബോർഡ് അംഗീകരിച്ചതായി അറിയിച്ചു. ലാഭവിഹിതത്തിൻ്റെ റെക്കോർഡ് തീയതി ജൂലൈ 5 ആണ്, ലാഭവിഹിതം ജൂലൈ 31 ന് ശേഷം നൽകപ്പെടും.

എം ആൻഡ് എം ഓഹരികൾ എൻഎസ്ഇ യിൽ 3.98 ശതമാനം ഉയർന്ന് 2393.90 രൂപയിൽ ക്ലോസ് ചെയ്തു.