28 May 2023 10:13 AM IST
Summary
- നികുതി തർക്കങ്ങള്‍ക്കായുള്ള വകയിരുത്തല്‍ നഷ്ടത്തിലേക്ക് നയിച്ചു
- 2022 -23ല്‍ ക്രൂഡ് ഓയില്‍, ഗ്യാസ് ഉല്‍പ്പാദനത്തില്‍ ഇടിവ്
- മാര്‍ച്ച് പാദത്തിലെ വരുമാനം 5.2 % ഉയര്‍ന്നു
ഇന്ത്യയിലെ മുൻനിര എണ്ണ-വാതക ഉൽപ്പാദക കമ്പനിയായ ഒഎൻജിസി മാർച്ച് പാദത്തിൽ അപ്രതീക്ഷിത നഷ്ടം രേഖപ്പെടുത്തി. 12,100 കോടിയിലധികം രൂപ നികുതി ബാധ്യതയ്ക്കായി നീക്കിവച്ചതാണ് നഷ്ടത്തിന് ഇടയാക്കിയത്. ജനുവരി-മാർച്ച് കാലയളവില്‍ 247.70 കോടി രൂപയുടെ അറ്റനഷ്ടമാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) റിപ്പോർട്ട് ചെയ്തത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 8,859.54 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിതെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.
ഭൂഗര്‍ഭ ക്രൂഡ് ഓയിലിന്‍റെയും പ്രകൃതിവാതകത്തിന്‍റെയും ഉല്‍പ്പാദനത്തിനായി കമ്പനി സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് നൽകുന്ന റോയൽറ്റിക്ക് സേവന നികുതി നൽകണമെന്ന ആവശ്യം വിവിധ വര്‍ക്ക് സെന്‍ററുകളിലെ സേവന നികുതി വകുപ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ കമ്പനി കോടതിയിൽ ചോദ്യം ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും തർക്കത്തിലുള്ള സേവന നികുതിയും ജിഎസ്ടിയും അതിന്‍റെ പലിശയും നല്‍കേണ്ടി വരുന്ന സാഹചര്യത്തിന് മുന്‍കരുതല്‍ എന്ന നിലയില്‍ 11,558 കോടി രൂപ വകയിരുത്തി. ഇതിനൊപ്പം നികുതി ആവശ്യകതകളില്‍ വരാവുന്ന മറ്റ് വ്യത്യാസങ്ങളും പിഴയും കണക്കിലെടുത്ത് 1,862 കോടി രൂപയും ആകസ്മിക ബാധ്യത എന്ന നിലയില്‍ നീക്കിവെച്ചിട്ടുണ്ട്.
അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തിൽ റോയൽറ്റിയുടെ സേവന നികുതി/ജിഎസ്ടി ബാധകമല്ലെന്ന നിലപാട് തുടരുകയാണെന്നും നിയമാഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഫോറങ്ങൾ മുമ്പാകെ ഈ നികുതിയെ എതിർക്കുന്നത് തുടരുമെന്നും ഒഎൻജിസി അറിയിച്ചു.
ജനുവരി-മാർച്ച് കാലയളവിലെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5.2% ഉയർന്ന് 36,293 കോടി രൂപയായി. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തമായി ഒഎൻജിസിയുടെ അറ്റാദായം 38,829 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തില്‍ രേഖപ്പെടുത്തിയ 40,306 കോടി രൂപയുടെ അറ്റാദായത്തില്‍ നിന്ന് 3.7 ശതമാനം ഇടിവ്.
ജനുവരി-മാർച്ച് പാദത്തിൽ ഉൽപ്പാദിപ്പിച്ച ഓരോ ബാരൽ ക്രൂഡ് ഓയിലിനും കമ്പനിക്ക് ശരാശരി 77.12 യുഎസ് ഡോളര്‍ ലഭിച്ചു. സാമ്പത്തിക വർഷം മൊത്തം കണക്കിലെടുത്താല്‍ ബാരലിന് 91.90 ഡോളര്‍ ലഭിച്ചു. ഇത് 2022 ജനുവരി-മാർച്ച് മാസങ്ങളിൽ ബാരലിന് 94.98 ഡോളറും 2021-22ന്‍റെ മൊത്തം കണക്കില്‍ ബാരലിന് 76.62 ഡോളറുമായിരുന്നു. കമ്പനി മൊത്തം 225 ശതമാനം ലാഭവിഹിതം നൽകി, അതായത് 5 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 11.25 രൂപ. മൊത്തം 14,153 കോടി രൂപയാണ് ലാഭവിഹിതമായി വിതരണം ചെയ്തത്.
ഒഎൻജിസി-യുടെ അസംസ്‌കൃത എണ്ണ ഉൽപ്പാദനം മുന്‍സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1% ഇടിഞ്ഞ് 21.5 മില്യണ്‍ ടണ്ണായി. ഗ്യാസ് ഉല്‍പ്പാദനം 1.5 ശതമാനം കുറഞ്ഞ് 21.3 ബില്യൺ ക്യുബിക് മീറ്ററായി. കെജി-98/2, ക്ലസ്റ്റർ-II പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസവും ഡബ്ല്യുഒ-16, ക്ലസ്റ്റര്‍-7 എന്നിവയിൽ നിന്നുള്ള ഉൽപ്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായതും എസ്1-വിഎ ഫീൽഡുകളിലെ റിസർവോയർ പ്രശ്‌നങ്ങളുമാണ് എണ്ണ, വാതക ഉൽപ്പാദനം കുറയാൻ കാരണമെന്ന് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കമ്പനിയുടെ വിദേശ യൂണിറ്റിന്‍റെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനവും മുൻവർഷത്തെ 8.1 ദശലക്ഷം ടണ്ണിൽ നിന്ന് 2022 -23ൽ 6.35 ദശലക്ഷം ടണ്ണായി. എന്നിരുന്നാലും, 2021-22ലെ 1,589 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ യൂണിറ്റിന്‍റെ അറ്റാദായം 1,700 കോടി രൂപയായി ഉയർന്നു. ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇതിന് കാരണം.