31 Jan 2024 11:02 AM GMT
Summary
- വരുമാനം 34 ശതമാനം ഉയർന്നു
- മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 683 കോടി രൂപയിലെത്തി
- ഇന്ത്യയിലുള്ള ബിസിനെസ്സിൽ നിന്നും 168 കോടി രൂപയുടെ അറ്റാദായം നേടി
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാൺ ജ്വല്ലേഴ്‌സ് നടപ്പ് വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 21 ശതമാനം ഉയർന്ന് 180.3 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 148.70 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
കമ്പനിയുടെ ഈ കാലയളവിലെ വരുമാനം 34 ശതമാനം ഉയർന്ന് 5,223 കോടി രൂപയിലെത്തി. മുൻ വർഷമിത് 3,884 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ എബിറ്റ്ഡയ്ക്ക് (EBIDTA) മുൻപുള്ള വരുമാനം 13 ശതമാനം വർധിച്ച് 369.7 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ മുൻവർഷത്തെ 8.4 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി.
കല്യാൺ ജ്വല്ലേഴ്‌സിന്റെ ഇന്ത്യയിലുള്ള ബിസിനെസ്സിൽ നിന്നും 168 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷമിത് 133 കോടി രൂപയിൽ നിന്നും 26 ശതമാനം ഉയർന്നതാണിത്.
കല്യാൺ ജ്വല്ലേഴ്‌സിൻ്റെ മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 641 കോടി രൂപയിൽ നിന്നും മൂന്നാം പാദത്തിൽ 683 കോടി രൂപയായി ഉയർന്നു. അറ്റാദായം 14 കോടി രൂപയിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിൽ 17 കോടി രൂപയുടെ അറ്റാദായമായിരുന്നു മിഡിൽ ഈസ്റ്റ് ബിസിനെസ്സിൽ നിന്നും ലഭിച്ചത്.
കല്യാൺ ജ്വല്ലേഴ്‌സിന്റെ ഉപസ്ഥാപനമായ കാൻഡറെയുടെ ഈ കാലയളവിലെ വരുമാനം 29 കോടി രൂപയായി താഴ്ന്നു. മുൻ വർഷമിത് 44 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റ നഷ്ടം 1.6 കോടി രൂപയായി കുറഞ്ഞു. മുൻ വർഷമിത് 1.7 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തിൽ ഇന്ത്യയിൽ 22 പുതിയ ‘കല്യൺ’ ഷോറൂമുകൾ കമ്പനി കൂട്ടിച്ചേർത്തു. 2025 സാമ്പത്തിക വർഷത്തിനുള്ളിൽ പുതിയ 80 ഷോറൂമുകൾക്കായുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
ഇതുവരെയുള്ള സാമ്പത്തിക വർഷം മികച്ചതായിരുന്നുവെന്ന് കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. എല്ലാ മേഖലകളിലെയും പ്രകടനം മികച്ചതാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തെ സംയോജിത വരുമാന വളർച്ച ഏകദേശം 31 ശതമാനമാണ്, ഇന്ത്യയിലെ വരുമാന വളർച്ച 36 ശതമാനമാണ്. നടന്നുകൊണ്ടിരിക്കുന്ന പാദവും മികച്ച രീതിയിൽ തന്നെയാണ് തുടങ്ങിയത്. സാമ്പത്തിക വർഷം ശക്തമായി തന്നെ അവസാനിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ എൻഎസ്ഇ യിൽ 3.85 ശതമാനം താഴ്ന്ന് 353.25 രൂപയിൽ ക്ലോസ് ചെയ്തു.