image

14 Nov 2023 4:15 PM IST

Company Results

കല്യാൺ ജ്വല്ലേഴ്സിന്‍റെ അറ്റാദായം 27% ഉയർന്ന് 135 കോടി രൂപ

MyFin Desk

Kalyan Jewellers Q2 Results
X

Summary

  • പ്രവർത്തന വരുമാനം 27% ഉയർന്നു
  • ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32% ഉയർന്ന്
  • ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡറെയുടെ വരുമാനം 16.21% താഴ്ന്നു


കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്യാൺ ജ്വല്ലേഴ്‌സിന്‍റെ നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം 27.1 ശതമാനം ഉയർന്ന് 135 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 106 കോടി രൂപയായിരുന്നു അറ്റാദായം. റെഡി-ടു-വെയർ ജ്വല്ലറിയുടെ വർധിച്ചു വരുന്ന ഡിമാൻഡും ഉത്സവ സീസണും ലാഭ വളർച്ചക്ക് കാരണമായി. പ്രവർത്തന വരുമാനം 27 ശതമാനം ഉയർന്ന് 4415 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 3,472.91 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനം.

ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഏകദേശം 32 ശതമാനം ഉയർന്ന് 3754 കോടി രൂപയിലെത്തി. മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം അഞ്ചു ശതമാനം വർധിച്ച് 629 കോടി രൂപയിലെത്തി.

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33 ശതമാനം ഉയർന്ന് 7395 കോടി രൂപയിലെത്തിയിരുന്നു. ഈ പാദത്തില്‍ സ്വർണ വില 10 ഗ്രാമിന് 61,845 രൂപ എന്ന റെക്കോർഡ് വില രേഖപ്പെടുത്തി. ജ്വല്ലറിയുടെ അസംസ്‌കൃത വസ്തുക്കളുടെ വില ആദ്യപാദത്തില്‍ 20.4 ശതമാനം വർധിച്ചിരുന്നു.

കമ്പനിയുടെ ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡറെയുടെ വരുമാനം രണ്ടാം പാദത്തിൽ 16.21 ശതമാനം താഴ്ന്ന് 31 കോടി രൂപയായി. മുൻ വർഷം സമാന കാലയളവില്‍ ഇത് 37 കോടി രൂപയായിരുന്നു.

നവംബർ 13ന് വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്‌ഇയിൽ കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 337 രൂപയിലായിരുന്നു.