21 Jan 2023 6:39 AM GMT
ഡെൽഹി : നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ജെഎസ് ഡബ്ള്യു സ്റ്റീലിന്റെ കൺസോളിഡേറ്റഡ് അറ്റാദായം കുത്തനെ ഇടിഞ്ഞു. അറ്റാദായം മുൻ വർഷം ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 4,516 കോടി രൂപയിൽ 85.50 ശതമാനം കുറഞ്ഞ് 474 കോടി രൂപയായി. മൊത്ത വരുമാനം, ഇതേ കാലയളവിൽ ഉണ്ടായിരുന്ന 38,225 കോടി രൂപയിൽ നിന്ന് 39,322 കോടി രൂപയായി വർധിച്ചു.
ചെലവ് കഴിഞ്ഞ ഡിസംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 31,986 കോടി രൂപയിൽ നിന്ന് 38288 കോടി രൂപയായി. കമ്പനിയുടെ കൺസോളിഡേറ്റഡ് ക്രൂഡ് സ്റ്റീൽ ഉത്പാദനം ഡിസംബർ പാദത്തിൽ 6.14 മില്യൺ ടൺ ആയി. ഇതിൽ 5.63 മില്യൺ ടൺ സ്റ്റീൽ വിറ്റഴിച്ചു.
കമ്പനിയുടെ ഉപസ്ഥാപനമായ ജെ എസ് ഡബ്ള്യു സ്റ്റീൽ കോട്ടഡ് പ്രോഡക്ട്സിന്റെ ഉത്പാദനം 0.73 മില്യൺ ടണ്ണും വില്പന തോത് 0.84 മില്യൺ ടണ്ണുമായി. ഈ പാദത്തിൽ 162 കോടി കോടി രൂപയുടെ നഷ്ടം ജെഎസ് ഡബ്ള്യു സ്റ്റീൽ കോട്ടഡ് പ്രൊഡറ്റ്‌സ് റിപ്പോർട്ട് ചെയ്തു.
ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡിന് (ബിപിഎസ് എൽ ) 0.74 മില്യൺ ടണ്ണിന്റെ സ്റ്റീൽ ഉത്പാദനവും, 0.68 മില്യൺ ടണ്ണിന്റെ വില്പന തോതുമാണ് ഈ പാദത്തിൽ റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ നഷ്ടം 150 കോടി രൂപയായി.
മൂലധന ചെലവ് മൂന്നാം പാദത്തിൽ 4,114 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇത് 10,707 കോടി രൂപയായി. രാജ്യത്തെ ശക്തമായ മാനുഫാക്ചറിംഗ് ആൻഡ് സർവീസസ് പിഎംഐ സൂചകങ്ങളും മറ്റും കമ്പനിയുടെ മുന്നോട്ടുള്ള വളർച്ചക്ക് അനുകൂലമാണ്. ആഭ്യന്തര സ്റ്റീൽ വ്യവസായത്തിൽ , വാർഷികാടിസ്ഥാനത്തിൽ 10.5 ശതമാനത്തിന്റെ വളർച്ചയാണ് ഈ പാദത്തിൽ ഉണ്ടായിട്ടുള്ളത്. ഇൻഫ്രാ സ്‌ട്രെച്ചർ മേഖലയിലെ ഉയർന്ന ഡിമാൻഡ് ഇതിനു പിന്തുണ നൽകി.