20 Jan 2024 11:41 AM GMT
Summary
- ഓഹരികൾ സർവകല ഉയരത്തിലെത്തി
- അറ്റാദായം 67.15 ശതമാനം ഉയർന്നു
- അറ്റ നിഷ്‌ക്രിയ ആസ്തി മെച്ചപ്പെട്ടു
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി ലിമിറ്റഡ് (IREDA) ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. മികച്ച പാദഫലത്തെ തുടർന്ന് ഓഹരികൾ സർവകാല ഉയരത്തിലെത്തി. തുടക്കവ്യാപാരം മുതൽ നേട്ടത്തിലായിരുന്ന ഓഹരികൾ 10 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്തു.
മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 67.15 ശതമാനം വർദ്ധനവോടെ 335.54 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 200.75 കോടി രൂപ അറ്റധ്യമാണ് രേഖപ്പെടുത്തിയത്. മുൻ പദത്തെക്കാളും അറ്റാദായം 17.8 ശതമാനം ഉയർന്നു.
ലോൺ ബുക്കിലെ സ്ഥിരമായ വളർച്ചയുംമെച്ചപ്പെട്ട അറ്റ നിഷ്‌ക്രിയ ആസ്തിയും മികച്ച പ്രകടനത്തിന് കാരണമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ കമ്പനി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1252.85 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ 868.67 കോടി രൂപയിൽ നിന്ന് 44.22 ശതമാനം ഉയർന്നതാണിത്. മുൻ പാദത്തിലെ 1176.63 കോടി രൂപയിൽ നിന്നും 6.5 ശതമാനവും ഉയർന്നു. കമ്പനിയുടെ എൻപിഎ 2.03 ശതമാനത്തിൽ നിന്ന് 1.52 ശതമാനമായി കുറഞ്ഞു. മൊത്ത എൻപിഎ 4.24 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായും മെച്ചപ്പെട്ടു.
എക്‌സ്‌ചേഞ്ച് ഫയലിംഗ് അനുസരിച്ച് ഐആർഇഡിഎയുടെ അറ്റ ആസ്തി മൂന്നാം പാദത്തിൽ 45.49 ശതമാനം ഉയർന്ന് 8,134.56 കോടി രൂപയിലെത്തി. മുൻ വർഷമിത് 5,591 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ പുനരുപയോഗ ഊർജ പദ്ധതികൾക്ക് സഹ-ധനസഹായം നൽകുന്നതിന് ഇന്ത്യൻ ഓവർസീസ് ബാങ്കുമായി ഒരു പങ്കാളിത്തം ഐആർഇഡിഎ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നവംബർ 29ന് ഐആർഇഡിഎ ഓഹരികൾ ഐപിഒ വിലയായ 32 രൂപയേക്കാൾ 56.25 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇയിൽ 50 രൂപയിൽ ലിസ്റ്റ് ചെയ്തു. നിലവിൽ ഐആർഇഡിഎ ഓഹരികൾ എൻഎസ്ഇ യിൽ 9.97 ശതമാനം ഉയർന്ന് 148.85 വ്യപാരം അവസാനിപ്പിച്ചു.