3 Nov 2023 5:58 PM IST
Summary
- പാസഞ്ചർ ടിക്കറ്റ് വരുമാനം 17.6 ശതമാനം വർദ്ധിച്ചു
- 1,958 പ്രതിദിന യാത്രകളാണ് ഇൻഡിഗോ നടത്തിയത്
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 188 കോടി രൂപയുടെ സംയോജിത അറ്റാദായം ഇൻഡിഗോ രേഖപ്പെടുത്തി. മുൻ വര്ഷം ഇതേ പാദത്തിൽ 1,583 കോടി രൂപ നഷ്ടമായിരുന്നു. ഇൻഡിഗോയുടെ പ്രവർത്തന വരുമാനം 19.5 ശതമാനം ഉയർന്ന് 14,943 കോടി രൂപയായി. മുൻ വർഷമിത് 12497 കോടി രൂപയായിരുന്നു.
കഴിഞ്ഞ മൂന്ന് പാദങ്ങളായി ഇന്ത്യയിൽ ആഭ്യന്തര യാത്രയ്ക്കുള്ള ഡിമാൻഡ് കുതിച്ചുയർന്നിരുന്നു. സെപ്റ്റംബർ പാദത്തിലും ആഭ്യന്തര യാത്രകൾ കുത്തനെ ഉയർന്നതാണ് വരുമാനത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പാസഞ്ചർ ടിക്കറ്റ് വരുമാനം 17.6 ശതമാനം വർദ്ധിച്ച് 13,069 കോടി രൂപയായും അനുബന്ധ വരുമാനം 20.5 ശതമാനം ഉയർന്ന് 155.1 കോടി രൂപയായതായി കമ്പനി അറിയിച്ചു.
കഴിഞ്ഞ പാദത്തിലെ 316 വിമാനങ്ങളിൽ നിന്ന് ഈ പാദവസാനം കമ്പനിയുടെ കീഴിൽ 334 വിമാനങ്ങളായി. ഈ പാദത്തിൽ ഷെഡ്യൂൾ ചെയ്യാത്ത വിമാന യാത്രകൾ ഉൾപ്പെടെ 1,958 പ്രതിദിന യാത്രകളാണ് ഇൻഡിഗോ നടത്തിയത്. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൊത്തം കടം 20.6 ശതമാനം ഉയർന്ന് 49,391.7 കോടി രൂപയായി.