24 May 2024 5:57 AM GMT
Summary
- നാലാം പാദത്തിൽ 1894.8 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തു
- പാദത്തിൻ്റെ അവസാനത്തിൽ കമ്പനിയുടെ വിമാനങ്ങൾ 367 ആയി ഉയർന്നു
- കമ്പനിയുടെ മൊത്തം കടം 14.3 ശതമാനം ഉയർന്ന് 51,280 കോടി രൂപയിലെത്തി
ഇൻഡിഗോ എയർലൈൻ മാതൃസ്ഥാപനമായ ഇൻ്റർഗ്ലോബ് ഏവിയേഷൻ നാലാം പാദത്തിൽ 1894.8 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തു, ശക്തമായ ഡിമാൻഡ് ഇന്ധന വില വർദ്ധനയെക്കാൾ ഉയർന്നതിനാൽ തുടർച്ചയായ ആറാം പാദത്തിലും കമ്പനി ലാഭം രേഖപ്പെടുത്തി.
വിപണി വിഹിതമനുസരിച്ച് ഏറ്റവും വലിയ ബജറ്റ് എയർലൈനാണ് ഇൻഡിഗോ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 919 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 1,680 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു കമ്പനി. ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇൻഡിഗോയുടെ ലാഭം 111 ശതമാനം ഉയർന്നിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 26 ശതമാനം വർധിച്ച് 17,825.3 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 14,161 രൂപയായിരുന്നു കമ്പനിയുടെ വരുമാനം.
നാലാം പാദത്തിൽ 235.97 ലക്ഷം യാത്രക്കാരെ വഹിച്ച എയർലൈൻ 60.3 ശതമാനം വിപണി വിഹിതം നേടി. കഴിഞ്ഞ വർഷം, ഇൻഡിഗോ 209.07 ലക്ഷം യാത്രക്കാരെ കൊണ്ടുപോയി, 55.7 ശതമാനം വിപണി വിഹിതം നേടിയിരുന്നു.
മാർച്ച് പാദത്തിൽ കമ്പനിയുടെ മൊത്തം കടം 14.3 ശതമാനം ഉയർന്ന് 51,280 കോടി രൂപയിലെത്തി. ഈ കാലയളവിലെ മൊത്തം പണം 48.3 ശതമാനം ഉയർന്ന് 34,737.5 കോടി രൂപയായി.
കഴിഞ്ഞ പാദത്തിലെ 358 വിമാനങ്ങളിൽ നിന്ന് ഈ പാദത്തിൻ്റെ അവസാനത്തിൽ കമ്പനിയുടെ വിമാനങ്ങൾ 367 ആയി ഉയർന്നു. ഈ പാദത്തിൽ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ ഉൾപ്പെടെ 2,021 പ്രതിദിന ഫ്‌ളൈറ്റുകളാണ് ഇൻഡിഗോ നടത്തിയത്.
നിലവിൽ ഇൻഡിഗോ ഓഹരികൾ എൻഎസ്ഇ യിൽ 2.88 ശതമാനം താഴ്ന്ന് 4,273.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.