24 Jan 2024 2:30 PM GMT
Summary
- പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 2.6 ശതമാനം ഇടിഞ്ഞു
- ആഭ്യന്തര ഉൽപന്ന വിൽപ്പന 23.328 ദശലക്ഷം മെട്രിക് ടൺ
- ജിആർഎം ബാരലിന് 13.26 ഡോളറായി കമ്പനി രേഖപ്പെടുത്തി
മൂന്നാം പാദഫലം പുറത്ത് വിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ). ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 9,224.85 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം സമാന പാദത്തിൽ റിപ്പോർട്ട് ചെയ്തത് 890.28 കോടി രൂപയാണ്. എന്നിരുന്നാലും, ജൂലൈ-സെപ്റ്റംബർ പാദത്തിൽ കമ്പനി രേഖപ്പെടുത്തിയിരുന്നത് 13,713.08 കോടി രൂപയുടെ അറ്റാദായമായിരുന്നു. രണ്ടാം പാദത്തിലെ അറ്റാദായത്തിൽ നിന്നും 33 ശതമാനത്തിന്റെ ഇടിവാണിത് കാണിക്കുന്നത്.
മുൻ പാദത്തിലെ 2.05 ലക്ഷം കോടി രൂപയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം മൂന്നാം പാദത്തിൽ 2.26 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.6 ശതമാനം ഇടിവാണ് ആദായത്തിലുണ്ടായത്.
നടപ്പ് സാമ്പത്തിക വർഷത്തെ ഒമ്പത് മാസങ്ങളിൽ കമ്പനിയുടെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജിആർഎം) ബാരലിന് 13.26 ഡോളറായി കമ്പനി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21.08 ഡോളറായിരുന്നു. ഇൻവെന്ററി നഷ്ടം/നേട്ടം എന്നിവ നികത്തി 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കോർ ജിആർഎം അല്ലെങ്കിൽ നിലവിലെ വില ജിആർഎം ഒരു ബാരലിന് 11.73 ഡോളറാണെന്ന് ഇന്ത്യൻ ഓയിൽ പറഞ്ഞു.
മൂന്നാം പാദത്തിൽ, കമ്പനിയുടെ ആഭ്യന്തര ഉൽപന്ന വിൽപ്പന 23.328 ദശലക്ഷം മെട്രിക് ടൺ (MMT) ആയി കമ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമിത് 23.170 മെട്രിക് ടൺ (MMT) ആയിരുന്നു.
എൻഎസ്ഇ യിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഹരികൾ 3.78 ശതമാനം ഉയർന്ന് 144.20 രൂപയിൽ ക്ലോസ് ചെയ്തു.