22 April 2023 11:58 AM
Summary
- അറ്റ പലിശ വരുമാനം 40 ശതമാനം വർധിച്ചു
- അറ്റ നിഷ്ക്രിയ ആസ്തി 0.48 ശതമാനമായി
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തിൽ 29.96 ശതമാനത്തിന്റെ വർധന. അറ്റാദായം 9122 കോടി രൂപയായി. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 7018 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ അറ്റാദായം 31896 കോടി രൂപയായി. 2021 -22 സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ അറ്റാദായം 23339 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 40.2 ശതമാനം വർധിച്ച് 12605 കോടി രൂപയിൽ നിന്നും 17667 കോടി രൂപയായി.
അറ്റ പലിശ മാർജിൻ മുൻ വർഷം സമാന പാദത്തിലുണ്ടായിരുന്ന 4 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായി.
നിക്ഷേപ വളർച്ചയിൽ വാർഷികാടിസ്ഥാനത്തിൽ 10.9 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്‌തത്. നിക്ഷേപം 10.6 ലക്ഷം കോടി രൂപയിൽ നിന്ന് 11.8 ലക്ഷം കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ കാസ അനുപാതം 43.6 ശതമാനമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിഷ്ക്രിയ ആസ്തി 2.81 ശതമാനമായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തിൽ 3.60 ശതമാനമായിരുന്നു.
അറ്റ നിഷ്ക്രിയ ആസ്തി 0.76 ശതമാനത്തിൽ നിന്ന് 0.48 ശതമാനമായി. റീട്ടെയിൽ വായ്പ പോർട്ടഫോളിയോ വാർഷികാടിസ്ഥാനത്തിൽ 22.7 ശതമാനം വർധിച്ചു. ബിസിനസ് ബാങ്കിങ് പോർട്ടഫോളിയോ 34.9 ശതമാനം വർധിച്ചപ്പോൾ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ വളർച്ച 19.2 ശതമാനമായി. ഗ്രാമീണ മേഖലയിലുള്ള ബാങ്കിന്റെ പോർട്ടഫോളിയോ വളർച്ച വാർഷികാടിസ്ഥാനത്തിൽ 13.8 ശതമാനവും, പാദടിസ്ഥാനത്തിൽ 5.5 ശതമാനവും രേഖപ്പെടുത്തി.