10 Feb 2024 11:12 AM GMT
Summary
മൂന്നാം പാദത്തില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ സംയോജിത അറ്റാദായം 50 ശതമാനം വര്‍ധിച്ച് 1,093 കോടി രൂപയായി രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 726 കോടി രൂപ ലാഭം നേടിയിരുന്നു. മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 8,300 കോടിയില്‍ നിന്ന് ഇക്കഴിഞ്ഞ പാദത്തില്‍ 10,031 കോടി രൂപയായി ഉയര്‍ന്നതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു.
മൂന്നാം പാദത്തില്‍ 14.6 ലക്ഷം മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് വിറ്റഴിച്ചത്. വര്‍ഷാവര്‍ഷം 18 ശതമാനത്തിന്റെ വര്‍ധനയാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശതാബ്ദി വാര്‍ഷികത്തെ അനുസ്മരിച്ച് കമ്പനിയുടെ ബോര്‍ഡ് ഓഹരി ഒന്നിന് 75 രൂപ ഇടക്കാല ലാഭവിഹിതവും 25 രൂപ പ്രത്യേക ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 600 കോടി രൂപ മുതല്‍മുടക്കില്‍ പാര്‍ട്സ് ആക്‌സസറീസ് ആന്‍ഡ് മര്‍ച്ചന്‍ഡൈസ് (പിഎഎം) ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയും ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു.
'പ്രീമിയം സെഗ്മെന്റിലെ ഞങ്ങളുടെ സമീപകാല ലോഞ്ചുകള്‍ നേരത്തെ തന്നെ വിജയം കൈവരിച്ചു. കമ്പനിയുടെ ഉയര്‍ന്ന പ്രീമിയം മോഡലുകളുടെ ശേഷി ഞങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്,' ഹീറോ മോട്ടോകോര്‍പ്പ് സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.
ഇരുചക്രവാഹന കമ്പനി ഇപ്പോള്‍ രാജ്യത്തെ 100 നഗരങ്ങളിലേക്ക് ഇവി സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ആതര്‍ എനര്‍ജിയുമായി സഹകരിച്ച് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ അതിവേഗം നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വരും സാമ്പത്തിക വര്‍ഷത്തില്‍, പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും ഞങ്ങള്‍ നല്ല നിലയിലാണെന്ന് വിശ്വസിക്കുന്നു,' ഗുപ്ത പറഞ്ഞു.