18 April 2024 11:39 AM GMT
Summary
- നാലാം പാദത്തിലെ ലാഭം 15 ശതമാനം ഉയര്‍ന്ന് 412 കോടി രൂപയായി
- ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊത്ത പ്രീമിയം വരുമാനം 19,427 കോടി രൂപയില്‍ നിന്ന് 20,488 കോടി രൂപയായി ഉയര്‍ന്നു.
- കമ്പനിയുടെ ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും ദീപക് പരേഖ് ഒഴിയുന്നു.
എച്ച്ഡിഎഫ്സി ലൈഫ് നാലാം പാദത്തിലെ ലാഭം 15 ശതമാനം ഉയര്‍ന്ന് 412 കോടി രൂപയായി. എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് 2024 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 14.7 ശതമാനം ഉയര്‍ന്ന് 412 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 359 കോടി രൂപയായിരുന്നു ലാഭം എച്ച്ഡിഎഫ്സി ലൈഫ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ 21,426 കോടി രൂപയില്‍ നിന്ന് 27,893 കോടി രൂപയാണ് ഇന്‍ഷുറന്‍സ് പാദത്തില്‍ ആകെ വരുമാനം നേടിയത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊത്ത പ്രീമിയം വരുമാനം 19,427 കോടി രൂപയില്‍ നിന്ന് 20,488 കോടി രൂപയായി ഉയര്‍ന്നു. തുടര്‍ന്നുള്ള വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിയ്ക്കും രണ്ട് രൂപ അന്തിമ ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എംബഡഡ് മൂല്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം 39,527 കോടി രൂപയില്‍ നിന്ന് 2024 മാര്‍ച്ച് 31 വരെ 47,468 കോടി രൂപയായി ഉയര്‍ന്നു. നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) മുന്‍ സാമ്പത്തിക വര്‍ഷം 1,360 കോടി രൂപയില്‍ നിന്ന് 15 ശതമാനം വര്‍ധിച്ച് 1,569 കോടി രൂപയായി. സോള്‍വന്‍സി മാര്‍ജിന്‍ 2023 മാര്‍ച്ച് അവസാനത്തെ 203 ശതമാനത്തില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 187 ശതമാനമായി കുറഞ്ഞു.
2024 ഏപ്രില്‍ 18 ഓടെ കമ്പനിയുടെ ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും ദീപക് പരേഖ് ഒഴിയുമെന്ന് ഇന്‍ഷുറര്‍ അറിയിച്ചു.
കമ്പനിയുടെ സ്ഥാപക ചെയര്‍മാനെന്ന നിലയില്‍, കഴിഞ്ഞ 24 വര്‍ഷമായി കമ്പനിയെ നയിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരേഖ് നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് പരേഖിന് നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കി.
കെകി എം മിസ്ത്രിയെ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കുന്നത് ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചു. 2000 ഡിസംബര്‍ മുതല്‍ കമ്പനിയുമായി ബന്ധമുള്ള മിസ്ത്രി നിലവില്‍ കമ്പനിയുടെ ബോര്‍ഡില്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.