18 Jan 2023 7:22 AM
Summary
- വെല്‍ത് മാനേജ്മെന്റ് ബിസിനസിലെ നഷ്ടവും, ഇടപാടുകളിലുണ്ടായ കുറവുമാണ് ലാഭം പ്രതീക്ഷിച്ചതിലും ഇടിയാന്‍ കാരണം
ന്യൂയോര്‍ക്ക്: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ (ജനുവരി-ഡിസംബറാണ് യുഎസ് സാമ്പത്തിക വര്‍ഷം), ആഗോള തലത്തിലെ പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ ലാഭം 69 ശതമാനം ഇടിഞ്ഞു. വെല്‍ത് മാനേജ്മെന്റ് ബിസിനസിലെ നഷ്ടവും, ഇടപാടുകളിലുണ്ടായ കുറവുമാണ് ലാഭം പ്രതീക്ഷിച്ചതിലും ഇടിയാന്‍ കാരണം. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ട്രേഡിംഗ് തുടങ്ങിയ പ്രധാന ബിസിനസുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് സോളമന്‍ സ്വീകരിച്ചിരുന്നു.
ബാങ്കിന്റെ ഫീസിനത്തില്‍ നിന്നുള്ള വരുമാനം 48 ശതമാനവും, ആസ്തി കൈകാര്യ യൂണിറ്റില്‍ നിന്നുള്ള വരുമാനം 27 ശതമാനവും കുറഞ്ഞു. ഇക്വിറ്റി, ഡെബ്റ്റ് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് ഇടിവിനു കാരണം. ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, സാമ്പത്തിക സാങ്കേതിക ബിസിനസ് എന്നിവ ഉള്‍പ്പെടുന്ന പ്ലാറ്റ്‌ഫോം സൊല്യൂഷന്‍ യൂണിറ്റിന്റെ നികുതി കിഴിക്കാതെയുള്ള നഷ്ടം 778 മില്യണ്‍ ഡോളറാണ്. ഇതോടെ പ്ലാറ്റ്ഫോം സൊല്യൂഷന്‍ യൂണിറ്റിന്റെ ഒരു വര്‍ഷത്തെ അറ്റ നഷ്ടം 1.67 ബില്യണ്‍ ഡോളറായി.
2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ വായ്പകളിലുണ്ടാകുന്ന നഷ്ടത്തിനായി മാറ്റി വച്ച തുക 972 മില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 344 മില്യണ്‍ ഡോളറായിരുന്നു ഇതിനായി മാറ്റിവെച്ച തുക. ബാങ്ക് സുരക്ഷിതമല്ലാത്ത ഉപഭോക്തൃ വായ്പകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നും, ഇത് ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.