31 July 2023 4:04 PM IST
Summary
- അറ്റാദായം മുന്‍പാദത്തെ അപേക്ഷിച്ച് ഉയര്‍ന്നു
- പ്രവര്‍ത്തന വരുമാനം മുന്‍പാദവുമായുള്ള താരതമ്യത്തിലും കുറഞ്ഞു
- ഐജിജിഎലുമായി കഴിഞ്ഞയാഴ്ച ഇന്‍റര്‍കണക്ഷന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ സ്റ്റാന്‍റ് എലോണ്‍ അറ്റാദായം 51.56 ശതമാനം ഇടിഞ്ഞ് 1,412 കോടി രൂപയില്‍ എത്തിയെന്ന് ഗെയില്‍ (ഇന്ത്യ) പ്രഖ്യാപിച്ചു. മുൻ വർഷം സമാന പാദത്തില്‍ 2,915,19 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത് എന്നും ബിഎസ്ഇ ഫയലിംഗിൽ കമ്പനി പറഞ്ഞു. മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായം 133.9 ശതമാനം ഉയർന്നു. ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ അറ്റാദായം 603.52 കോടി രൂപയായിരുന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം അവലോകന പാദത്തില്‍ 32,227.47 കോടി രൂപയായി, മുന്‍വര്‍ഷം സമാനപാദത്തിലെ 37,572.14 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 14.22 ശതമാനത്തിന്റെ ഇടിവാണിത്. മുന്‍പാദവുമായുള്ള താരതമ്യത്തില്‍ പ്രവർത്തന വരുമാനം 1.91 ശതമാനം കുറഞ്ഞു. 2022 -23 നാലാം പാദത്തിൽ 32,858.20 കോടി രൂപയായിരുന്നു പ്രവര്‍ത്തന വരുമാനം. മൊത്തം വരുമാനം മുന്‍വര്‍ഷം ആദ്യ പാദത്തിലെ 37,751.91 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 13.92 ശതമാനത്തിന്റെ ഇടിവോടെ 32,495.07 കോടി രൂപയായി. മുന്‍പാദത്തിലെ 33,875.39 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4.07 ശതമാനം കുറവാണ് നാലാം പാദത്തിൽ ഉണ്ടായത്.
ഇന്ദ്രധനുഷ് ഗ്യാസ് ഗ്രിഡ് ലിമിറ്റജഡിനു (ഐജിജിഎല്‍) നോർത്ത് ഈസ്റ്റ് ഗ്യാസ് ഗ്രിഡിനെ (എന്‍ഇജിജി) ഗെയിലിന് കീഴിലുള്ള ബറൗണി ഗുവാഹത്തി പൈപ്പ് ലൈനുമായി (ബിപിജിഎല്‍) ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഇന്റർകണക്ഷൻ കരാറിൽ ഇരു കമ്പനികളും കഴിഞ്ഞയാഴ്ച ഒപ്പുവെച്ചിരുന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി, അസമിലെ ബൈഹത, പനിഖൈതി എന്നീ മൂന്ന് സ്ഥലങ്ങളിൽ ബിജിപിഎല്ലുമായി എൻഇജിജിയെ ബന്ധിപ്പിക്കുന്നതിന് ഈ കരാർ സഹായിക്കും.