image

26 July 2023 3:08 PM IST

Company Results

അറ്റാദായത്തില്‍ നാലിരട്ടി വളര്‍ച്ചയുമായി പിഎന്‍ബി; ഓഹരി വിപണിയില്‍ മുന്നേറ്റം

MyFin Desk

pnb with four-fold growth in net profit
X

Summary

പിഎന്‍ബി ഓഹരികള്‍ക്ക് വിപണിയില്‍ 4% ഉയര്‍ച്ച


പൊതുമേഖലാ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ (പിഎൻബി) അറ്റാദായം ഏപ്രിൽ-ജൂൺ പാദത്തിൽ നാലിരട്ടി വർധനയോടെ 1,255 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ബാങ്ക് 308 കോടി രൂപ അറ്റാദായമാണ് നേടിയിരുന്നത്. മൊത്ത വരുമാനം 21,294 കോടി രൂപയിൽ നിന്ന് 28,579 കോടി രൂപയായി ഉയർന്നതായും പിഎൻബി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

2023 -24 ആദ്യ പാദത്തില്‍ ബാങ്കിന്‍റെ പലിശ വരുമാനം 25,145 കോടി രൂപയായി ഉയർന്നു, മുൻ വർഷം സമാന പാദത്തില്‍ ഇത് 18,757 കോടി രൂപയായിരുന്നു. ഒരു വർഷം മുമ്പ് മൊത്തം വായ്പകളുടെ 11.2 ശതമാനം ആയിരുന്നു മൊത്തം നിഷ്‌ക്രിയ ആസ്തി (എൻ‌പി‌എ). ജൂൺ അവസാനത്തിൽ ഇത് 7.73 ശതമാനമായി കുറഞ്ഞു. അറ്റ എൻപിഎ മുൻ വർഷം ഇതേ കാലയളവിലെ 4.26 ശതമാനത്തിൽ നിന്ന് 1.98 ശതമാനമായി കുറഞ്ഞു.

കിട്ടാക്കടങ്ങൾക്കുള്ള വകയിരുത്തൽ മുൻവർഷം ആദ്യപാദത്തിലെ 4,814 കോടിയിൽ നിന്ന് ഏപ്രിൽ-ജൂൺ പാദത്തില്‍ 4,374 കോടി രൂപയായി കുറഞ്ഞു.

ഏകീകൃത അടിസ്ഥാനത്തിൽ, ജൂണിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്‍റെ അറ്റാദായം 1,342 കോടി രൂപയാണ്. മുൻ വർഷം ഇത് 282 കോടി രൂപയായിരുന്നു. അഞ്ച് ഉപകമ്പനികളുടെയും 15 അസോസിയേറ്റ് സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂട്ടിച്ചേര്‍ത്തതാണ് ഏകീകൃത റിപ്പോര്‍ട്ട്.

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം മുൻവർഷത്തെ 14.62 ശതമാനത്തിൽ നിന്ന് 15.54 ശതമാനമായി മെച്ചപ്പെട്ടു.

മികച്ച റിസള്‍ട്ട് പുറത്തുവന്നതോടെ പിഎന്‍ബി ഓഹരികളുടെ മൂല്യം വിപണിയില്‍ വര്‍ധിച്ചു. എകദേശം 4 ശതമാനത്തോളം ഉയര്‍ന്ന് 63 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടക്കുന്നത്.